
ദോഹ: മേഖലയിലെ സൈനിക നടപടികള്‍ക്കിടെ ഉണ്ടായ ഷെല്‍ സ്‌ഫോടനത്തില്‍ ഖത്തര്‍ പൗരന്‍ കൊല്ലപ്പെടുകയും ഒരു അറബ് പ്രവാസിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റിയുടെ ജനറല്‍ ഡയറക്ടറേറ്റ് പതിവായി നടത്തുന്ന സമുദ്രനിരീക്ഷണത്തിനിടെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സമുദ്ര പട്രോളിംഗ് സംഘങ്ങള്‍ തിരച്ചില്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. തെരച്ചിലിലാണ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റിയുടെ മറൈന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം കാണാതായ ബോട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേഖലയില്‍ നടന്ന സൈനിക നടപടികള്‍ക്കിടെ തെറിച്ച ഷെല്‍ ശകലങ്ങള്‍ തട്ടി ഖത്തര്‍ പൗരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ബോട്ടിലുണ്ടായിരുന്ന ഒരു അറബ് പ്രവാസിക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
മരിച്ച ഖത്തര്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ പ്രവാസി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

