

ദോഹ: മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍ പൂക്കള്‍ എന്ന പേരില്‍ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും നടന്നു. ഖത്തര്‍ എഫ് സി സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കീഴ്‌ശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

സമകാലിക സാമൂഹ്യ ചുറ്റുപാടുകളില്‍ മാപ്പിളപ്പാട്ടുകള്‍ സജീവമായി ഇടപെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിലെ പ്രവാസികളില്‍ നിന്ന് മാപ്പിള സാഹിത്യ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തിയ എരഞ്ഞോളി മൂസ സ്മാരക പുരസ്‌കാരം ഷൈജല്‍ ഒടുങ്ങാക്കാടിനു സമ്മാനിച്ചു. ദോഹ നുഐജയിലെ തൃശൂര്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല, ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം, കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ, സെക്രട്ടറി നവാസ് അലി, ട്രഷറര്‍ ബഷീര്‍ അമ്പലത് തുടങ്ങിയവര്‍ സംസാരിച്ചു.

ഷെഫീര്‍ വാടാനപ്പള്ളി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. തുടര്‍ന്ന് എം കുഞ്ഞിമൂസ, എരഞ്ഞോളി മൂസ, വി എം കുട്ടി മാഷ്, പീര്‍ മുഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഇശല്‍ രാവും അരങ്ങേറി. റഫീഖ്, എല്‍ദോ ഏലിയാസ്, ഹനീസ്, അക്ബര്‍, ഫാസില്‍ റഹ്മാന്‍, ഹംസ, ഹിബ ബദറുദ്ധീന്‍, സുഹൈന ഇഖ്ബാല്‍, നിഫ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

