വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടോരു പെണ്ണ്….

Web Desk
5 Min Read

സിനിമയുടെ പേരുകള്‍ പറയുന്നതിനേക്കാള്‍ പാട്ടുകള്‍ പറഞ്ഞാല്‍ പുതിയ തലമുറയ്ക്ക് പെട്ടെന്ന് മനസ്സിലാകും അഭിനേത്രി ഉഷാകുമാരിയെ. ‘വെള്ളിച്ചിലങ്ക അണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്’ ഈ ഗാനം ഇപ്പോഴും ടെലിവിഷനില്‍ വരാറുണ്ട്. സത്യന്‍ മാഷിന്റെ കൂടെ ഓടിയോടി വരുന്ന കൗമാരക്കാരി- അവരാണ് ഉഷാകുമാരി.

city exchange


നാദാപുരം പള്ളിയിലെ ചന്ദനകുടത്തിന് എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത ഗാനാസ്വാദകര്‍ കേരളത്തില്‍ ഉണ്ടാവില്ല. കെ പി ഉമ്മറിന്റെ കൂടെ ‘കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ്’ എന്ന ഗാനം ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുമ്പോള്‍ ഷൂട്ടിംഗ് കാണാന്‍ വന്ന പയ്യന്‍ ഉഷാകുമാരിയുടെ സൗന്ദര്യം കണ്ടു സ്തംഭിച്ചുപോയി, പിന്നീട് ആ പയ്യന്‍ വളര്‍ന്നു വലിയൊരു സംവിധായകനായി മാറി മലയാളത്തില്‍- സിബി മലയില്‍ ആയിരുന്നു ആ പയ്യന്‍. അങ്ങിനെ വിണ്ണിലെ നക്ഷത്രം മണ്ണിലേക്കിറങ്ങിയപോലെ ഏവരും ഇഷ്ടപ്പെടുന്ന നയന മനോഹരിയായിരുന്നു ഉഷാകുമാരി.


കുംഭകോണത്തെ സൗരാഷ്ട്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശാന്തിക്ക് നൃത്തം ജന്മനാ ലഭിച്ച അനുഗ്രഹമായിരുന്നു. എപ്പോഴും ഗ്രാമഫോണില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ച് സ്വന്തമായി സ്റ്റെപ്പുകള്‍ ഉണ്ടാക്കി ശാന്തി നൃത്തം ചെയ്യും. കണ്ടുകൊണ്ടുവരുന്ന അച്ഛനാണെങ്കില്‍ എപ്പോഴും ശകാരിക്കുമായിരുന്നു. ആട്ടക്കാരിയാവുകയല്ല വേണ്ടത് പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി അകത്തിരിക്കണം. അതായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. ഒരിക്കല്‍ യാദൃശ്ചികമായി
ശാന്തിയുടെ നൃത്തം കണ്ട അച്ഛന്റെ സുഹൃത്ത് അച്ഛനോട് പറഞ്ഞു ശാന്തി വളരെ ഭാഗ്യം സിദ്ധിച്ച കുട്ടിയാണ് അവളെ നൃത്തം പഠിപ്പിക്കണം, എനിക്കറിയാവുന്ന ഒരാളുണ്ട് അദ്ദേഹം ചോള രാജാക്കന്മാരുടെ പരമ്പരയിലെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. ഇത് കേട്ട ശാന്തിയുടെ അച്ഛന്‍ അമ്പരന്നു പോയി. രാജഭരണം അവസാനിച്ചെങ്കിലും ഇപ്പോഴും കൊട്ടാരത്തിലെ പെണ്‍കുട്ടികള്‍ക്ക് സമൂഹം നല്ല മര്യാദ കൊടുക്കുന്നു. അവരെല്ലാം നൃത്തം പഠിക്കുന്നുണ്ടെങ്കില്‍
നൃത്തം മോശപ്പെട്ട ഒരു കലയല്ലല്ലോ അങ്ങിനെയാണെങ്കില്‍ ശാന്തി നൃത്തം പഠിക്കട്ടെ എന്നായി അച്ഛന്‍.


ശാന്തി ഒരിക്കല്‍ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ വൈജയന്തിമാലയുടെ നൃത്തപരിപാടി കാണാന്‍ പോയി. നൃത്തം കഴിഞ്ഞു വിശ്രമിക്കുന്ന വൈജയന്തിമാലയുടെ അടുത്തേക്ക് ശാന്തി ചെന്നു. വൈജയന്തിമാല ശാന്തിയുടെ നൃത്തത്തോടുള്ള അഭിനിവേശം മനസിലാക്കിയപ്പോള്‍ മദ്രാസിലേക്ക് തന്റെ കൂടെ പോന്നോളാന്‍ പറഞ്ഞു. അച്ഛനോട് ചോദിച്ചപ്പോള്‍ നീ മദ്രാസില്‍ പോയാല്‍ എവിടെ താമസിക്കും പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ അവിടെയും ഇവിടെയും ഒന്നും നിര്‍ത്താന്‍പറ്റില്ല എന്ന് അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ വൈജയന്തിമാല ശാന്തിയുടെ അച്ഛനോട് പറഞ്ഞു ‘എന്റെ വീട്ടില്‍
എന്റെ കുടുംബത്തിലെ ഒരാളായി ശാന്തി താമസിക്കും അതില്‍ താങ്കള്‍ക്കെതിര്‍പ്പുണ്ടോ’? വൈജയന്തിമാലയെ പോലെ ഒരു പ്രശസ്ത വ്യക്തി ശാന്തിയുടെ സംരക്ഷണം ഏറ്റെടുക്കും എന്ന ഉറപ്പ് ലഭിച്ചപ്പോള്‍ പിന്നെ ശാന്തിയുടെ അച്ഛന്‍ ശാന്തിയെ മദ്രാസിലുള്ള വൈജയന്തിമാലയുടെ ബംഗ്ലാവില്‍ കൊണ്ടു ചെന്നാക്കി. ശാന്തി വൈജയന്തിമാലയുടെ വീട്ടില്‍ താമസിച്ച് നൃത്തം അഭ്യസിച്ചു.

- Advertisement -
Ad image

ഒരിക്കല്‍ വൈജയന്തിമാലയെ ഹിന്ദി പടത്തിലേക്ക് ബുക്ക് ചെയ്യാന്‍ വന്ന സംവിധായകന്‍ ശാന്തിയെ ആ ഹിന്ദിചിത്രത്തില്‍ ഒരു ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ചു. അതോടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശാന്തി പ്രവേശിക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ശ്രീധര്‍ തന്റെ പുതിയ തമിഴ് സിനിമയിലേക്ക് രണ്ടു സുന്ദരികളായ പെണ്‍കുട്ടികളെ തേടുന്ന സമയമായിരുന്നു അത്. ആരോ ശാന്തിയെ ശ്രീധറിനു കാണിച്ചുകൊടുത്തു. ശാന്തിയും അന്നത്തെ സ്വഭാവനടിയായിരുന്ന സന്ധ്യയുടെ മകള്‍ ജയലളിതയും- രണ്ടു പുതിയ നായികമാരെയാണ് ശ്രീധര്‍ തന്റെ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. പക്ഷെ ശാന്തിയെ കണ്ടമാത്രയില്‍ സംവിധായകന്‍ ശ്രീധര്‍ പറഞ്ഞത് ഈ പേര് മാറ്റണം. മദ്രാസില്‍ വളരെ കോമണ്‍ ആയ പേരാണ് ശാന്തി, മാത്രമല്ല സിനിമയിലും ശാന്തിമാര്‍ ഉണ്ട്. ഇന്നുമുതല്‍ നീ ‘നിര്‍മ്മലയാണ്’. ശാന്തിക്കും ആ പേര് ഒത്തിരി ഇഷ്ടമായി ‘നിര്‍മല’. ശ്രീധറിന്റെ ചിത്രം തെന്നിന്ത്യയില്‍ നല്ല പ്രശസ്തി നേടി. വെണ്ണിറാആടൈ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര് . ജയലളിതയും നിര്‍മലയും അതോടെ പ്രശസ്തിയിലേക്കുയര്‍ന്നു. തമിഴ് ജനത നിര്‍മലയെ സ്‌നേഹക്കൂടുതല്‍ കാരണം ‘വെണ്ണിറാടൈ നിര്‍മല’ എന്നൊരു പേരും കൊടുത്തു.


ഇന്ന് 73 വയസ്സിലും തമിഴ്‌നാട്ടില്‍ ‘വെണ്ണിറാടൈനിര്‍മല’ എന്നാണവരെ അഭിസംബോധന ചെയ്യുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പില്‍ക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി മരിക്കുന്ന വരെ ജയലളിതയും നിര്‍മലയും കാത്തു സൂക്ഷിച്ചു.


തന്റെ പുതിയ സിനിമയിലേക്ക് നായികയെ തേടുന്ന കുഞ്ചാക്കോ ഒരിക്കല്‍ മദ്രാസില്‍ ഒരു പ്രോഗ്രാമില്‍ നൃത്തം ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടു. നൃത്തം കഴിഞ്ഞു പോകുന്ന ആ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തിനു പിന്നാലെ കുഞ്ചാക്കോയും മാനേജരും അവരുടെ കാറില്‍ പിന്തുടര്‍ന്നു. മുന്നിലെ വാഹനത്തിലിരിക്കുന്ന പെണ്‍കുട്ടി ഭയന്നുപോയി ആരോ
തന്നെ പിന്തുടരുന്നു എന്തായിരിക്കും അവരുടെ ഉദ്ദേശം എന്നെല്ലാം ചിന്തിച്ചു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ വീട് കണ്ടുപിടിക്കുകയും അവരുടെ മാതാപിതാക്കളെ കണ്ട് ഉദയായുടെ അടുത്ത പടത്തിലെ നായികയാക്കാനുമാണ് ആ വരവെന്ന് വീട്ടിലെത്തി അല്പസമയം കഴിഞ്ഞാണ് നിര്‍മലയെന്ന ആ പെണ്‍കുട്ടി അറിഞ്ഞത്. മലയാളഭാഷ കടുകട്ടിയാണെന്നും താന്‍ കേരളത്തിലേക്കൊന്നും വരില്ലെന്നും പറഞ്ഞ നിര്‍മലയ്ക്ക് അന്നത്തെ കാലത്തേ നല്ലൊരു തുകയാണ് പ്രതിഫലമായി കുഞ്ചാക്കോ നിശ്ചയിച്ചത്. ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി നിര്‍മല മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറായി. ശാന്തിയും നിര്‍മലയൊന്നും എന്റെ സിനിമയില്‍ വേണ്ട എന്ന് ശഠിച്ച കുഞ്ചാക്കോ നിര്‍മ്മലയുടെ പേര് ‘ഉഷാകുമാരി’ എന്നാക്കി. പിന്നീട് നിര്‍മല ഉഷാകുമാരി എന്നപേരില്‍ ധാരാളം മലയാളം സിനിമകളില്‍ അഭിനയിച്ചു. പക്ഷെ ഉഷാകുമാരി എന്നപേര് മലയാള സിനിമകളില്‍ മാത്രമേ അവര്‍ ഉപയോഗിച്ചുള്ളൂ.


ഭരതന്‍ തന്റെ ഗുരുവായൂര്‍ കേശവന്‍ എന്ന സിനിമയില്‍ ഉഷാകുമാരിയുടെ സൗന്ദര്യത്തെ പ്രാധാന്യത്തോടെ അഭ്രപാളിയില്‍ ആലേഖനം ചെയ്തു. ‘ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി തുഷാരബിന്ദുവില്‍’ എന്ന ഗാനം കേള്‍ക്കാനും അതിന്റെ ദൃശ്യങ്ങള്‍ കാണുവാനും ഇന്നും മലയാളികള്‍ക്കിഷ്ടമാണ്. ഇപ്പോഴും പല ചാനലിലെ പ്രോഗ്രാമുകളിലും ചെറിയ കുട്ടികള്‍ വരെ ആ ഗാനങ്ങള്‍ ആലപിക്കുന്നത് കേള്‍ക്കുമ്പോള്‍ നമുക്കത്ഭുതം തോന്നും.
കുഞ്ചാക്കോയുടെ കാട്ടുതുളസിയില്‍ തുടങ്ങിയ ഉഷാകുമാരിയുടെ അഭിനയയാത്ര മലയാളത്തില്‍ ഷാര്‍ജ ടു ഷാര്‍ജ വരെ തുടര്‍ന്നു.


തമിഴില്‍ എം ജി ആറിന്റെ നായികയായി രഹസ്യപൊലീസ് എന്ന സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നേടി, ശിവാജി ഗണേശന്‍ മുതല്‍ കമല്‍ഹാസന്റെ വരെ നായികയായ വെണ്ണിറാആടൈ നിര്‍മല ഇന്നും അവിവാഹിതയായി കോട്ടൂര്‍ ഗാര്‍ഡന്‍സിലെ തന്റെ ബംഗ്ലാവില്‍ കഴിയുന്നു. നിര്‍മ്മലയുടെ സഹോദരിയുടെ മകള്‍ ‘സുധ’ മലയാളത്തില്‍ അക്ഷരത്തെറ്റ് എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ കൂടെ അഭിനയിച്ചിരുന്നു. വിരലിലെണ്ണാവുന്ന കുറച്ചു തമിഴ്ചിത്രങ്ങളില്‍ അഭിനയിച്ച സുധ പിന്നീട് വിവാഹിതയായി ഇപ്പോള്‍ നിര്‍മല ഡാന്‍സ് അക്കാദമിയുടെ
എല്ലാമെല്ലാമായി കഴിയുന്നു. കോവിഡിന് മുന്‍പ് വരെ
എല്ലാ വര്‍ഷവും നിര്‍മല രാമനവമി ദിവസം തന്റെ ബംഗ്ലാവില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിര്‍മല ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം
നടത്തുകയും തന്റെ സുഹൃത് സഹപ്രവര്‍ത്തകരെ വീട്ടില്‍
വിളിച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. പുതിയ
തലമുറയിലെ പല നടീനടന്മാരും നിര്‍മ്മലയുടെ ആതിഥ്യം സ്വീകരിച്ചവരാണ്.

യാഥാസ്ഥിതികരായിരുന്ന സൗരാഷ്ട്ര ബ്രാഹ്മണരില്‍ വലിയൊരു മാറ്റമാണ് നിര്‍മല കൊണ്ടു വന്നത്. നിര്‍മലയെ തുടര്‍ന്ന്, എന്‍ എം രാജം, ബേബിസുമതി, സീത, ഭാഗ്യശ്രീ (ഭാഗ്യലക്ഷ്മി), സുധ അങ്ങിനെ ധാരാളം സൗരാഷ്ട്ര കുലത്തിലെ അഭിനേത്രികള്‍ അഭ്രപാളികളില്‍ കഴിവ് തെളിയിച്ചു. അമ്മയുടെ ശാന്തിയായും തമിഴകത്തിന്റെ വെണ്ണിറാടൈ നിര്‍മലയായും മലയാളക്കരയിലെ ഉഷാകുമാരിയായും അവര്‍ മദിരാശിയിലെ ബംഗ്ലാവില്‍ സംതൃപ്ത ജീവിതം നയിക്കുന്നു.

സ്വരൂപ് ഉഷാ കുമാരിയോടൊപ്പം. മലയാളം, തമിഴ്, ഐറിഷ് സിനിമകളിലെ അഭിനേതാവാണ് സ്വരൂപ്‌

Share This Article
Leave a Comment
error: Content is protected !!