ഇന്‍കാസ് ഖത്തര്‍ ഉമ്മന്‍ചാണ്ടി ജനസേവ പുരസ്‌ക്കാരം ഷാനവാസ് ബാവയ്ക്ക്

Web Desk
1 Min Read

ദോഹ: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി ജനസേവാ പുരസ്‌ക്കാരം ഷാനവാസ് ബാവയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ഡി സി സി പ്രസിഡന്റും ഇപ്പോഴത്തെ തവനൂര്‍ എം എല്‍ എയുമായ അഡ്വ. വി എസ് ജോയ് ആയിരുന്നു പ്രഥമ പുരസ്‌കാരത്തിന് കഴിഞ്ഞ വര്‍ഷം അര്‍ഹനായത്.

city exchange

ഈ വര്‍ഷം ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച പൊതുപ്രവര്‍ത്തകന് പുരസ്‌കാരം നല്കുവാനാണ് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചത്. സാമൂഹിക, ജീവകാരുണ്യ, ജനക്ഷേമ മേഖലകളില്‍ നിസ്വാര്‍ഥ സേവനങ്ങള്‍ കാഴ്ചവച്ചതിനാണ് ഷാനവാസ് ബാവ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ സി ബി എഫിന്റെ പ്രസിഡന്റായി കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് അശരണര്‍ക്കും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും താങ്ങായി നിന്നുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയതിനാണ് ഷാനവാസ് ബാവയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

ജൂലായ് 24ന് വൈകിട്ട് ആറു മണിക്ക് ഐ സി സി അശോകാ ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ദിനാചരണത്തില്‍ ഉമ്മന്‍ചാണ്ടി ജനസേവ പുരസ്‌ക്കാരം സമര്‍പ്പിക്കും. അനുസ്മരണ ചടങ്ങില്‍ ആറന്മുള എം എല്‍ എ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.

ഷാനവാസ് ബാവയുടെ മാതൃകാപരമായ സേവനങ്ങള്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നതോടൊപ്പം ഇനിയും സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബഹുമതി പ്രചോദനമാകട്ടെയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആശംസിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട് ചൊവ്വര എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!