Featured
അബൂദാബിയിലെ ഹൂത്തി ആക്രമണത്തിന് പിറകെ സുരക്ഷാ പിന്തുണ വാഗ്ദാനം നല്കി ഇസ്രാഈല്‍
അബൂദാബി: ഹൂത്തി ആക്രമണത്തിന് പിന്നാലെ സുരക്ഷാ പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രാഈല്‍. അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് അയച്ച കത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് പിന്തുണ വാഗ്ദാനം നല്കിയത്.


മേഖലയിലെ തീവ്രവാദി വിഭാഗങ്ങള്‍ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇസ്രാഈല്‍ പ്രതിജ്ഞാബദ്ധമാണെന്നും പൊതുശത്രുവിനെ പരാജയപ്പെടുത്താന്‍ പങ്കാളിത്തം തുടരുമെന്നും ബെന്നറ്റ് കത്തില്‍ വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങളില്‍ നിന്നും രാജ്യത്തേയും ജനങ്ങളേയും സുരക്ഷിതരാക്കാന്‍ ബുദ്ധിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ കത്തില്‍ പ്രഖ്യാപിച്ചു. യു എ ഇക്ക് താത്പര്യമുണ്ടെങ്കില്‍ ഇസ്രാഈല്‍ സുരക്ഷാ വിഭാഗത്തോട് യു എ ഇ സുരക്ഷാ വിഭാഗത്തെ സഹായിക്കാന്‍ ഉത്തരവിടുന്നതായും അദ്ദേഹം വിശദീകരിച്ചു.
യു എ ഇ ആസ്ഥാനമായ അബൂദാബിയില്‍ തിങ്കളാഴ്ചയാണ് ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയും മൂന്നു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി നിര്‍മിക്കുന്ന മേഖലയിലും തീ പിടുത്തമുണ്ടായിരുന്നു. യു എ ഇയിലെ ആക്രമണം യമനിലെ ഹൂത്തികള്‍ ഏറ്റെടുക്കുകയായിരുന്നു.





