
കൊച്ചി: കൊച്ചിയിലെ കാന്‍സര്‍ പരിചരണ രംഗത്തിന് പുതിയ ദിശാബോധവും ആഗോള നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളിലേക്കുള്ള പുതിയ അവസരങ്ങളും തുറന്നുകൊണ്ട് സിറ്റി കാന്‍സര്‍ ചലഞ്ച് സി/കാന്‍-കൊച്ചി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന് ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്ട്രോള് (യു ഐ സി സി)യുടെ ആഗോള ശൃംഖലയുടെ ഭാഗമായ സിറ്റി കാന്‍സര്‍ ചലഞ്ച് (സി/കാന്‍) പദ്ധതിയിലേക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നഗരമാണ് കൊച്ചി. ഈ അംഗീകാരം കൊച്ചിക്കും കേരളത്തിനും ലഭിച്ച വലിയ അന്തര്‍ദേശീയ ബഹുമതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രോഗി കൂട്ടായ്മകള്‍, കോര്‍പ്പറേറ്റ് മേഖല എന്നിവയെ ഒരേ ലക്ഷ്യത്തിനായി ഒരുമിപ്പിക്കുന്ന മാതൃകാപരമായ സംരംഭമാണ് സി/കാന്‍-കൊച്ചിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും ചികിത്സയിലെ കാലതാമസം കുറയുമെന്നും വിവിധ ആശുപത്രികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകരുടെ പരിശീലനം, ഗവേഷണം, ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് നേതൃത്വം നല്കിയ കൊച്ചി കോര്പ്പറേഷന്, മേയര്‍ അഡ്വ. മിനിമോള്‍, സി/കാന്‍-കൊച്ചി ഫൗണ്ടേഷന്, ബട്ടര്‍ഫ്ലൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്, കൂടാതെ സഹകരിച്ച എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഈ പദ്ധതിക്ക് എല്ലാ പിന്തുണയും നല്കിയ മുഖ്യമന്ത്രി, കേരള സര്‍ക്കാര്‍, കൊച്ചി കോര്പ്പറേഷന്, ആരോഗ്യ വകുപ്പ്, പങ്കാളികളായ എല്ലാ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ നന്ദി രേഖപ്പെടുത്തി.
കൊച്ചി എം എല്‍ എ മുഹമ്മദ് ഷിയാസ് പങ്കെടുത്തു.

