

ദോഹ: ആധുനിക സമൂഹം ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലും ജീവിത പുരോഗതിയിലും ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും മാനസിക സന്തോഷവും ആനന്ദവും കൈവരിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും അതിനുള്ള പ്രധാനകാരണം ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാണെന്നും പ്രശസ്ത മോട്ടിവേറ്ററും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ഡാനിഷ് സലീം അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരംഭിക്കുന്ന എക്‌സ്പര്‍ടാക്ക് പ്രതിമാസ ചര്‍ച്ചാ ക്ലാസിന്റെ പ്രഥമ സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങള്‍ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവാത്ത ഇന്നത്തെ ചുറ്റുപാടില്‍ അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചു ഓരോരുത്തരും ബോധവന്‍മാരാവേണ്ടതുണ്ട്. അനാവശ്യമായ ഉത്കണ്ഠയും ആകുലതകളുമാണ് മനുഷ്യരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത്. അത്യാവശ്യവും ആവശ്യവും അനാവശ്യവും വ്യവഛേദിച്ചറിയാനും അടിയന്തിരാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും നാം ശീലിക്കാത്തേടത്തോളം ഈ സമ്മര്‍ദ്ദങ്ങള്‍ അധികരിക്കാനും അതുമുഖേന ജീവിതാനന്ദം അനുഭവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്യും.

ജോലി വളരെ പ്രധാനമാണെങ്കിലും കുടുംബ ജീവിതം, വിനോദങ്ങള്‍ തുടങ്ങിയവക്ക് മതിയായ സമയം നാം മാറ്റി വെക്കേണ്ടതായിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുക എന്നത് മാറി ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്.
എല്ലാവര്‍ക്കും തുല്യമായി നല്‍കപ്പെട്ട സമയം കൃത്യമായി വിനിയോഗിക്കാന്‍ നാം പരിശീലിക്കേണ്ടതുണ്ട്. മുന്‍കൂട്ടിയുള്ള ശ്രദ്ധയും ആസൂത്രണവും അവസാന നിമിഷങ്ങളിലെ മാനസിക പിരിമുറുക്കത്തെയും സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കും.
ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന എക്‌സ്പര്‍ടോക്ക് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടിക്കെത്തിയ നിറഞ്ഞ സദസ്സ്.
ഡോ. ഡാനിഷിനുള്ള ഉപഹാരം സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര സമര്‍പ്പിച്ചു. എഡുക്കേഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്‍വീനര്‍ അമീര്‍ ഷാജി, സെന്റര്‍ വൈസ് പ്രസിഡണ്ട് ഡോ. അസീസ് പാലോല്‍ എന്നിവര്‍ സംസാരിച്ചു.

