പുനര്‍ജനിച്ചവര്‍ ഒത്തുചേര്‍ന്നു

Web Desk
2 Min Read

ആലുവ: മരണത്തോട് മല്ലിട്ട ആ സമയം അവര്‍ ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തു. ജീവിതം തിരികെ നല്‍കാന്‍ കഠിന പ്രയ്തനം നടത്തിയ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറയവെ പലരും വിതുമ്പി. വൈകാരിക നിമിഷങ്ങളുടെ സംഗമ വേദിയായി മാറി ആലുവ രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച പുനര്‍ജനി പരിപാടി.

city exchange

മൂന്നാര്‍ യാത്രയ്ക്ക് പോയി മടങ്ങവെ കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ അനുഭവവും ആ സമയം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ പിന്തുണയും തൃശൂര്‍ സ്വദേശി ജിസ്‌ന പറഞ്ഞപ്പോള്‍ സദസ്സിന്റേയും കണ്ണ് നിറഞ്ഞു. രാജഗിരി ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറിലധികം പേരാണ് പഴയ ഓര്‍മ്മകളില്‍ ഒത്തുകൂടിയത്.

വിവിധങ്ങളായ അസുഖങ്ങളെ തുടര്‍ന്ന് ഐ സി യുവില്‍ കഴിഞ്ഞ രോഗികളാണ് പുനര്‍ജനി പരിപാടിയില്‍ പങ്കെടുത്തത്. പ്രശ്‌സ്ത സിനിമാ താരം ഷറഫുദ്ദീന്‍ പുനര്‍ജനി പരിപാടി ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

രോഗത്തെ പൊരുതി തോല്‍പിച്ച പോരാളികളുടെ അനുഭവങ്ങള്‍ ഏറെ പ്രചോദകമാണെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. ഗര്‍ഭകാലത്ത് കോവിഡിനെ തുടര്‍ന്ന് ഐ സി യുവില്‍ കഴിഞ്ഞ അമ്മമാരേയും അവരുടെ കുട്ടികളേയും ചടങ്ങില്‍ ആദരിച്ചു. ആശങ്കയില്‍ കഴിഞ്ഞ സമയത്ത് കോവിഡ് കവചമണിഞ്ഞ് വന്ന ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുത്തു.

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോട്ടയം സ്വദേശി നെവിസിന്റെ ഓര്‍മ്മകളില്‍ പിതാവ് സാജനും കുടുംബവും ചടങ്ങിനെത്തി. മരിച്ച മകന് പകരമായി ആറ് മക്കളെയാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് പിതാവ് സാജന്‍ പറഞ്ഞപ്പോള്‍ സദസ്സിനും കരച്ചിലടക്കാനായില്ല. അവയവ ദാനത്തിന് തയ്യാറെടുത്ത വേളയില്‍ അതേ വേദനയില്‍ ഒപ്പം കൂടെ നിന്ന ഡോക്ടര്‍മാരുടെ പേരുകള്‍ ഓരോന്നും സാജന്‍ ഓര്‍ത്തെടുത്തു.

രാജഗിരി ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. റേഡിയോ അവതാരകരായ ആശാലത, ബാലകൃഷ്ണന്‍ പെരിയ, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫാ. ജോയ് കിളിക്കുന്നേല്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശിവ് കുമാര്‍ നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍, ക്രിട്ടിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!