
കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യുടെ പുതിയ പ്രോമോ ഗാനം പുറത്തിറങ്ങി. തിരു തിരു തിരുവനന്തപുരത്ത് എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാസ്സ് ആക്ഷന്‍ വയലന്‍സ് രംഗങ്ങളോടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വകാര്യത നേടിയിരുന്നു.

തിരുവനന്തപുരം പശ്ചാത്തലത്തില്‍ ഒരുകൂട്ടം ഗുണ്ടകളുടെയും അധോലോകക്കാരുടെയും കഥയാണ് ചിത്രം പറയുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ‘ശംഖുമുഖി’യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഇന്ദുഗോപനാണ്.
തിയേറ്ററുകളില്‍ തീപാറിച്ച പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ‘കാപ്പ’ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘കോട്ട മധു’വായി പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്നും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ അറുപതോളം നടീനടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു വൈക്കം, അനില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: മനു സുധാകരന്‍, പ്രൊമോഷന്‍സ്: വിപിന്‍ പൊഫാക്ഷിയോ.

