പന്ത്രണ്ട് മണിക്കൂറിലേറെയായി താളം തെറ്റി എറണാകുളം- തൃശൂര്‍ റൂട്ടില്‍ ട്രയിന്‍ ഗതാഗതം

Web Desk
2 Min Read

പുലര്‍ച്ചെ അഞ്ച് മണിയോടെ യാത്ര പുറപ്പെടേണ്ടിയിരുന്ന എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എറണാകുളം ജംഗ്ഷന്‍ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട നിലയില്‍

കൊച്ചി: ആലുവയില്‍ ഗുഡ്‌സ് പാളം തെറ്റിയതിനെ തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂറിലേറെയായി എറണാകുളം- തൃശൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കൊല്ലത്തു നിന്നും സിമന്റുമായി ആലുവയിലേക്ക് പോയ ഗുഡ്‌സ് ട്രെയിന്‍ ആലുവ സ്‌റ്റേഷനു സമീപം പാളം തെറ്റിയത്. 26 ബോഗികളുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും ആദ്യ രണ്ട് ബോഗികളുമാണ് പാളം തെറ്റിയത്. പോയിന്റ് സംവിധാനം പൂര്‍ണമായും തകരാറിലായതോടെയാണ് എറണാകുളത്തിനും തൃശൂരിനുമിടക്കുള്ള ട്രയിന്‍ ഗതാഗതം തീര്‍ത്തും താറുമാറായത്.

city exchange

ഇടപ്പള്ളി, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം ഇതുവഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. ഇരു ദിശകളിലേക്കുമുള്ള ട്രാക്കുകളിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒരു വശത്തേക്കുള്ള ട്രാക്ക് ശരിയാക്കി അതുവഴി രണ്ട് ഭാഗത്തേക്കും ട്രെയിനുകള്‍ കടത്തിവിടാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് എറണാകുളത്തു നിന്നും പൂനെയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിന്‍ അനിശ്ചിതമായി വൈകുകയാണ്. രാവിലെ എട്ടേ കാലിന് പുറപ്പെടുമെന്നു പറഞ്ഞെങ്കിലും പതിനൊന്നര മണി വരെയും യാത്ര പുറപ്പെട്ടിട്ടില്ല. എപ്പോഴാണ് വണ്ടി പോവുകയെന്ന് അധികൃതര്‍ക്കും പറയാനാവാത്ത അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു.

- Advertisement -
Ad image

ദീര്‍ഘദൂര യാത്രക്കായി പുലര്‍ച്ചെ തന്നെ എറണാകുളം ജംഗ്ഷന്‍ റയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ ഇപ്പോഴും കൃത്യമായ വിവരങ്ങളില്ലാതെ വലയുകയാണ്. എട്ടേ കാലിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിപ്പുണ്ടായതെങ്കിലും പിന്നീട് ഒന്നും പറഞ്ഞില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. ദീര്‍ഘദൂര യാത്രക്കായി റിസര്‍വ് ചെയ്ത യാത്രക്കാര്‍ വണ്ടിക്കകത്ത് കാറ്റും വെളിച്ചവുമില്ലാതെ ഇരിക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല എട്ടേകാലിന് ട്രയിന്‍ എറണാകുളം ജംഗ്ഷന്‍ വിട്ടതായും എ കാബിനിലെത്തിയതായുമാണ് ഓണ്‍ലൈനില്‍ കാണിക്കുന്നുണ്ടെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വേഷന്‍ തുക മടക്കി നല്കാതിരിക്കാനുള്ള റയില്‍വേയുടെ പദ്ധതിയാണിതെന്ന ആരോപണവും യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട് പോകേണ്ടിയിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിച്ചു. നിരവധി ട്രയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഏതു സമയത്ത് യാത്ര പുറപ്പെടാനാകുമെന്ന യാതൊരു വിവരവും റെയില്‍വേ യാത്രക്കാര്‍ക്ക് നല്കുന്നില്ല. എറണാകുളത്തിനും തൃശൂരിനുമിടയില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോയാല്‍ അടുത്ത സ്‌റ്റേഷനില്‍ നിന്നും നിരവധി ട്രയിനുകള്‍ക്ക് മടക്ക യാത്ര നടത്താനാവുമെന്നിരിക്കെ യാതൊരു നടപടിയും സ്വീകരിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് റയില്‍വേ നടപടി കൈകൊള്ളുന്നത്.

Share This Article
Leave a Comment
error: Content is protected !!