ഊരാളുങ്കലിന്റെ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് 2024-ലെ വ്യവസായ സുരക്ഷാ പുരസ്‌ക്കാരം

Web Desk
1 Min Read

കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌ക്കാരം. കേരള സര്‍ക്കാരിന്റെ ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ 2024-ലെ ‘കേരള സംസ്ഥാന വ്യാവസായിക സുരക്ഷാ അവാര്‍ഡ്’ സഹകരണമന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുര്‍വേദ ഔഷധം, സ്റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്ടറികളുടെ വിഭാഗത്തിലാണ് അവാര്‍ഡ്. കോട്ടയം ജില്ലയിലെ പാലായിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ പുരസ്‌ക്കാരത്തിനര്‍ഹമായ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റ്.

city exchange

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ പി ജിനേഷ്, സൈറ്റ് ലീഡര്‍ പി ടി പ്രദീപ്, യൂണിറ്റ് മാനേജര്‍ ശരത്‌ലാല്‍, എന്‍വയണ്‍മെന്റ് മാനേജര്‍ ബി രാജേഷ്, അസിസ്റ്റന്റ് മാനേജര്‍ ആര്‍ ജി രാഹുല്‍, സീനിയര്‍ അക്കൗണ്ടന്റ് ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത്, തൊഴില്‍ വകുപ്പു സെക്രട്ടറി ഡോ. കെ വാസുകി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് അംഗം സെക്രട്ടറി ഡോ. എ എം ഷീല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവിധ ഘടകങ്ങളിലെ മികവാണ് സൊസൈറ്റിയുടെ യൂണിറ്റിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഒറ്റ മേല്‍ക്കൂരയ്ക്കുകീഴെ പൂര്‍ണ്ണമായും കവചിതമായാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഗ്നിരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങളും ജലസംഭരണിയും അഗ്നിസുരക്ഷാവകുപ്പുമായി ചേര്‍ന്നും അല്ലാതെയും നടത്തുന്ന മോക് ഡ്രില്ലുകളടക്കം തൊഴിലാളികള്‍ക്കു നല്കുന്ന കൃത്യമായ സുരക്ഷാപരിശീലനവും അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചു.

- Advertisement -
Ad image

തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്ന സൊസൈറ്റി തൊഴിലാളികളെ റൊട്ടേഷന്‍ രീതിയില്‍ നിരന്തരം മാറ്റുകയും യഥാസമയം ആരോഗ്യപരിശോധനകള്‍ നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാ അനുമതികളോടെയും എല്ലാ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍ലോക്ക് യൂണിറ്റ് സുരക്ഷാ സംബന്ധമായ എല്ലാ രേഖകളും ശാസ്ത്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കാന്‍ സഹായകമായി.

Share This Article
Leave a Comment
error: Content is protected !!