

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയുടെ ആക്ഷന്‍ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു പാ ശരവണന്‍ രചനയും സവിധാനവും നിര്‍വഹിച്ച ‘വീരമേ വാകൈ സൂടും’ ആക്ഷന്‍ എന്റര്‍ടൈനര്‍ സിനിമ ഫെബ്രുവരി നാലിന് ലോകമെമ്പാടും :പ്രദര്‍ശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലര്‍ ഇരുപത്തി മൂന്നു ലക്ഷത്തില്‍പരം കാഴ്ചക്കാരെ നേടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്നും ഇതിന് ലഭിച്ചിരിക്കുന്നത്. രോമാഞ്ച ജനകമായ സംഘട്ടന രംഗങ്ങളോട് കൂടിയ ട്രെയിലര്‍ മാസ്സ് സിനിമാ ആരാധകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈനറാണ് ‘വീരമേ വാകൈ സൂടും’ എന്നാണു അണിയറ ശില്പികള്‍ അവകാശപ്പെടുന്നത്.

‘റൈസ് ഓഫ് എ കോമണ്‍ മാന്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പ്രമേയം ഭരണ കൂടത്തിനും ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികള്‍ക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ നടത്തുന്ന സാഹസികമായ ഒറ്റയാള്‍ പോരാട്ടമാണ്. ബാബുരാജ് വിശാലിന്റെ വില്ലനാവുന്നു. ഡിംപിള്‍ ഹയാതിയാണ് നായിക.
മലയാളിയായ രവീണാ രവി അവതരിപ്പിക്കുന്ന കഥാപാത്രമാണ് മറ്റൊരു ശ്രദ്ധേയായ ഘടകം. ഈ കഥാപാത്രം രവീണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി ഭവിക്കും എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നായകന്‍ വിശാല്‍ പൊതു വേദിയില്‍ പറഞ്ഞത്. തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോര്‍ജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. അനല്‍ അരസു, രവി വര്‍മ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
നേരത്തേ നിരവധി തവണ റിലീസ് തിയ്യതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

