

കോഴിക്കോട്: മുന്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്റെ പേരില്‍ കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്ര ഫൗണ്ടേഷന്‍ സ്ഥാപിതമാവുന്നു.
കൃഷ്ണമേനോന്റെ ഓര്‍മ്മകള്‍ പുതുതലമുറയിലേക്ക് കൈമാറാന്‍ ലക്ഷ്യമിടുന്ന ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ആഗോള വ്യക്തിത്വമായ ഡോ. ശശി തരൂര്‍ എം പിയാണ്.

ഇന്ത്യക്ക് അകത്തും പുറത്തും ഇന്നും ആദരിക്കപ്പെടുന്ന കൃഷ്ണ മേനോന്‍ എന്ന കോഴിക്കോട്ടുകാരനെ കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും പഠിക്കാനും വിലയിരുത്താനും അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വരും തലമുറയ്ക്ക് കൈമാറാനും വേണ്ടിയാണ് വി കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (വി കെ കെ ഐ എഫ്) സ്ഥാപിതമാകുന്നതെന്ന് എം കെ രാഘവന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ സാംസ്‌കാരിക, സാമൂഹ്യ, വൈജ്ഞാനിക മേഖലയിലെ പ്രമുഖര്‍ ഈ യാത്രക്ക് ഒപ്പം ചേരാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സന്നദ്ധരായിട്ടുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിലും ഇന്ത്യയുടെ ജനാധിപത്യ ആശയധാരയിലും സൃഷ്ടിപരമായ സംഭാവനകളേകാന്‍ നവീന ചിന്തകരെ രൂപപ്പെടുത്തിയെടുക്കുക, ഗവേഷണത്തിന് അവസരം ഒരുക്കുക, കലാ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പൊതു സമൂഹത്തെ ഭരണ നിര്‍വഹണ പ്രക്രിയയില്‍ ഭാഗമാക്കുക തുടങ്ങി വിവിധോദ്ദേശ്യങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് വി കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സംവാദങ്ങളും പുസ്തകമേളയും ഉള്‍പ്പെടെ കൃത്യമായ പ്രവര്‍ത്തന കലണ്ടറിലൂടെ ഫൗണ്ടേഷന്‍ മുന്നോട്ടുപോകും.
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ജൂലൈ ഏഴിന് വൈകിട്ട് നാലിന് കോഴിക്കോട് മലബാര്‍ പാലസില്‍ വി കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ ഡോ. ശശി തരൂര്‍ എം പി അധ്യക്ഷനായിരിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് ലോഗോ പ്രകാശനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍, മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍, മുന്‍ രാജ്യസഭാംഗം എം വി ശ്രേയാംസ്‌കുമാര്‍, എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ കെ വിജയന്‍, കെ കെ രമ, ലണ്ടന്‍ ആസ്ഥാനമായ വി കെ കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സിറിയക് മാപ്രയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാനായ എം കെ രാഘവന്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പത്മശ്രീ കെ കെ മുഹമ്മദ്, നവാസ് പൂനൂര്‍, ആനന്ദമണി, അംശുലാല്‍ പൊന്നാറത്ത്, കെ ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു.

