ഫാറ്റിലിവറിനെ ചെറുക്കാന്‍ കടല്‍ പായല്‍ ഉല്‍പന്നവുമായി സി എം എഫ് ആര്‍ ഐ

Web Desk
1 Min Read

കൊച്ചി: നോണ്‍ ആല്‍കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉത്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ). കടല്‍ പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ‘കടല്‍മീന്‍ ലിവ്ക്യുവര്‍ എക്സ്ട്രാക്റ്റ’് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നം നിര്‍മിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി സി എം എഫ് ആര്‍ ഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉത്പന്നമാണിത്.

city exchange

അനുയോജ്യമായ കടല്‍ പായലില്‍ നിന്നും ആവശ്യമായ ബയോആക്ടീവ് സംയുക്തങ്ങള്‍ മാത്രം വേര്‍തിരിച്ചെടുത്താണ് കരള്‍ രോഗത്തിനുള്ള പ്രകൃതിദത്ത ഉത്പന്നം തയ്യാറാക്കിയിരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ നിയന്ത്രണവിധേയമാക്കുന്നതിനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സി എം എഫ് ആ ര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സൂളകള്‍ പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഉത്പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ ഉത്പന്നം വ്യാവസായികമായി നിര്‍മിക്കുന്നതിന് മരുന്ന് നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമര്‍ദം, തൈറോയിഡ് എന്നീ രോഗങ്ങള്‍ക്കെതിരെയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് സി എം എഫ് ആര്‍ ഐ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്.

- Advertisement -
Ad image

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, കടല്‍ പായലില്‍ നിന്നും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകള്‍ക്കായി സി എം എഫ് ആര്‍ ഐ പഠനം നടത്തിവരുന്നുണ്ട്. ഇതിന്റെ ഗുണഫലങ്ങളാണ് വിവിധ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളായി പുറത്തെത്തുന്നതെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിരവധി ഔഷധഗുണങ്ങളടങ്ങിയ സസ്യയിനമാണ് കടല്‍പായല്‍. ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായരംഗത്ത് അനന്തസാധ്യതകളാണ് കടല്‍ പായലിനുള്ളത്. കടല്‍ പായലില്‍നിന്നുള്ള അനുയോജ്യമായ ഘടകങ്ങള്‍ വേര്‍തിരിച്ച് ഔഷധോല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനോടൊപ്പം കടല്‍ പായല്‍ കൃഷി വ്യാപകമാക്കുന്നതിനും സി എം എഫ് ആര്‍ ഐ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!