ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം ആശാ പരേഖിന്

Web Desk
1 Min Read

ന്യൂദല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി ആശാ പരേഖിന്. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യും. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുന്നത്.

city exchange

സിനിമയിലെ സേവനങ്ങള്‍ക്ക് 1992ല്‍ പത്മശ്രീ പുരസ്‌കാരവും ആശാ പരേഖിന് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധായികയായും നിര്‍മ്മാതാവായും ബോളിവുഡ് ചലച്ചിത്ര രംഗത്ത് ആശ പരേഖ് സജീവമായിരുന്നു. 1959 മുതല്‍ 1973 വരെയുള്ള കാലങ്ങളില്‍ ഏറ്റവുമധികം സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നടിയാണ് ആശ. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആശ അറിയപ്പെടുന്നത്.1952ല്‍ ബിമല്‍ റോയ് സംവിധാനം ചെയ്ത ‘മാ’ എന്ന സിനിമയില്‍ ബാലതാരമായാണ് ആശാ പരേഖ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് ശേഷം വിദ്യാഭ്യാസത്തിനായി ആശ ഇടവേളയെടുത്തു. പിന്നീട് നാസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് സിനിമയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ‘ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ’, ‘പ്യാര്‍ കാ മൗസം’, ‘കാരവന്‍’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും നടി ഭാഗമായി. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടുന്ന 52-ാമത് വ്യക്തിയാണ് ആശ. കഴിഞ്ഞ വര്‍ഷം നടന്‍ രജനികാന്താണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!