

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഏറ്റെടുക്കുന്നതെന്ന വിവരം പുറത്തുവന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം 20 കോടി രൂപയാണ് നഷ്ടമെന്നാണ് കണക്കുകള്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും നൂറു ശതമാനം ഓഹരികളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. എഴുപതിനായിരം കോടി രൂപയാണ് ഇതുവരെയുള്ള നഷ്ടം.

ടാറ്റക്ക് പുറമേ സ്‌പൈസ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗും എയര്‍ ഇന്ത്യ വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അജയ് സിംഗിനേക്കാള്‍ അയ്യായിരം കോടി രൂപ കൂടുതല്‍ ടാറ്റ ക്വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്ഥാപനമായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിന്റെ 50 ശമാനം ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം നല്‍കുന്ന കമ്മറ്റിയാണ് വില്‍പ്പന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത്.
ടാറ്റയില്‍ തുടങ്ങി ടാറ്റയിലെത്തുന്ന എയര്‍ ഇന്ത്യ

ഇന്ത്യയില്‍ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച ടാറ്റാ കുടുംബത്തെിന്റേതായിരുന്നു പിന്നീട് എയര്‍ ഇന്ത്യ എന്ന പേരിലേക്ക് മാറുകയും സ്വാതന്ത്ര്യാനന്തരം ദേശസാത്ക്കരിക്കുകയും ചെയ്ത ടാറ്റാ എയര്‍ ഇന്ത്യ വിമാനക്കമ്പനി. 1932 ഒക്ടോബറിലാണ് കറാച്ചിയില്‍ നിന്നും ബോംബെയിലേക്ക് ‘മെയില്‍’ വഹിച്ചു കൊണ്ട് എയര്‍ ഇന്ത്യ യാത്ര തുടങ്ങിയത്. 89 വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടക്കണക്കുകള്‍ മാത്രം ബാക്കിയായ എയര്‍ ഇന്ത്യ ടാറ്റയിലേക്ക് തിരികെപ്പോവുകയാണ്.
കറാച്ചിയിലേക്ക് ജെ ആര്‍ ഡി ടാറ്റയുടെ ആദ്യ വിമാനത്തില്‍ നാലു സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് മദിരാശിയിലേക്കും പറന്ന ടാറ്റാ എയര്‍ ഇന്ത്യ പേര് മാറി ടാറ്റാ എയര്‍ലൈന്‍സ് എന്നായതിന് ശേഷമാണ് 1938ല്‍ തിരുവനന്തപുരത്തേക്ക് ആദ്യ സര്‍വീസ് നടത്തിയത്.

1947ല്‍ ടാറ്റ എയര്‍ ഇന്ത്യ പബ്ലിക് ലിമിറ്റഡ് കമ്പനിയായുവകയും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സര്‍ക്കാരിന് 49 ശതമാനം ഓഹരി ലഭ്യമാവുകയും ചെയ്തു. 1953ല്‍ ജവഹാര്‍ലാല്‍ നെഹ്റു ടാറ്റ എയര്‍ ഇന്ത്യയെ ദേശാസല്‍ക്കരിക്കുകയും എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനമായി മാറ്റുകയും ചെയ്തു.
നേരത്തെ എയര്‍ ഇന്ത്യ കൈവിട്ടു പോയെങ്കിലും എയര്‍ ഏഷ്യ ബഹാദൂറുമായി ചേര്‍ന്ന് ടാറ്റയ്ക്ക് വിസ്താര എന്ന വിമാന സര്‍വീസുണ്ട്. എയര്‍ ഏഷ്യയിലും ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.

എയര്‍ ഇന്ത്യയ്ക്ക് ആഭ്യന്തര സര്‍വീസിന് ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഗള്‍ഫ് മേഖലയിലേക്ക് ബജറ്റ് സര്‍വീസിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ സര്‍വീസുകളും അലയന്‍സ് എയര്‍ എന്ന മറ്റൊരു കമ്പനിയും സ്വന്തമായുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചേര്‍ത്തുള്ള നടപടികള്‍ക്ക് ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

