
ഒസ്ട്രാവ: വോളിബോള് വേള്ഡ് ബീച്ച് പ്രോ ടൂര് ഒസ്ട്രാവ എലൈറ്റ് 16 ടൂര്ണമെന്റിന്റെ സെമിഫൈനലിലേക്ക് ഖത്തര് പുരുഷ ബീച്ച് വോളിബോള് ടീം മുന്നേറി.

ഖത്തറിന്റെ ഷെരീഫ് യൂനൂസും അഹമ്മദ് തിജാനും അടങ്ങുന്ന സഖ്യം ശനിയാഴ്ച നടന്ന ക്വാര്ട്ടര് ഫൈനലില് അര്ജന്റീനയുടെ നിക്കോളാസ് കാപോഗ്രോസോ- തോമസ് കാപോഗ്രോസോ സഖ്യത്തെ 2-1ന് പരാജയപ്പെടുത്തിയാണ് അവസാന നാലില് ഇടം നേടിയത്.

അതീവ ആവേശകരമായ മത്സരത്തില് ആദ്യ സെറ്റ് 19-21ന് ഖത്തര് നഷ്ടപ്പെടുത്തി. എന്നാല് തുടര്ന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ഖത്തര് സഖ്യം രണ്ടാം സെറ്റ് 21-15നും നിര്ണായകമായ മൂന്നാം സെറ്റ് 21-19നും സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളില് മത്സരത്തിന്റെ ഗതി മാറ്റിമറിക്കാനുള്ള കഴിവും ചാമ്പ്യന്മാരുടെ പോരാട്ടവീര്യവും ഖത്തര് താരങ്ങള് മത്സരത്തില് പ്രകടിപ്പിച്ചു.
ഞായറാഴ്ച നടക്കുന്ന സെമിഫൈനലില് സ്വീഡന്റെ ഡേവിഡ് ആഹ്മാന്- ജോനാഥന് ഹെല്വിഗ് സഖ്യത്തെയാണ് ഖത്തര് നേരിടുക.

