

ദോഹ: 37-ാമത് ഏകീകൃത ജിസിസി ട്രാഫിക് വാരാഘോഷ ബോധവല്‍ക്കരണ പ്രദര്‍ശനം പ്ലേസ് വെന്‍ഡോം മാളില്‍ ആരംഭിച്ചു. ‘ഡ്രൈവിംഗിനിടെ ഫോണ്‍ വേണ്ട’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പരിപാടി നടക്കുന്നത്. പ്രദര്‍ശനം 18 വെള്ളിയാഴ്ച വൈകുന്നേരം വരെ തുടരും.

ആഭ്യന്തര മന്ത്രാലയത്തിലെയും ആഭ്യന്തര സുരക്ഷാ സേനയിലെയും (ലെഖ്വിയ) നിരവധി വകുപ്പ് ഡയറക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാങ്കേതിക, സ്‌പെഷ്യലൈസ്ഡ്കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍-സുവൈദി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.


ബ്രോഷറുകള്‍ക്കും വിദ്യാഭ്യാസ സാമഗ്രികള്‍ക്കും പുറമേ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളും വിവിധ സംവേദനാത്മക പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികളും ഡെലിവറി ഡ്രൈവര്‍മാരും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവബോധ പ്രഭാഷണങ്ങളുടെ പരമ്പരയും പ്രദര്‍ശനത്തോടൊപ്പം നടക്കുന്നുണ്ട്. ഗതാഗത നിയമങ്ങളെയും മര്യാദകളെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ഈ പ്രഭാഷണങ്ങള്‍ ലക്ഷ്യമിടുന്നു.

