കുവൈത്തിനെതിരായ ഇറാന്റെ പുതിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: കുവൈത്തിനെതിരെ ഇറാന്‍ വീണ്ടും നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കുമെതിരായ കടുത്ത ലംഘനമാണ് ഇറാന്റെ നടപടിയെന്ന് ഖത്തര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നല്ല അയല്‍ബന്ധത്തിന്റെ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ആക്രമണം തുടരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന രാഷ്ട്രീയ- നയതന്ത്ര നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളുടെയും നിയമപരമായ പൂര്‍ണ ഉത്തരവാദിത്വം ഇറാനായിരിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി.

കുവൈത്തിനോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ഖത്തര്‍ വീണ്ടും പ്രഖ്യാപിച്ചു. കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശത്തിന്റെ അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നിയമാനുസൃത നടപടികള്‍ക്കും ഖത്തര്‍ പിന്തുണ അറിയിച്ചു.

- Advertisement -
Ad image

മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും അടിയന്തരമായി പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതോടൊപ്പം, സംഭാഷണത്തിന്റെയും ചര്‍ച്ചകളുടെയും പാതയിലേക്ക് ഗൗരവത്തോടെ മടങ്ങിവരണമെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ കൈവരിച്ച ധാരണകള്‍ പാലിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!