

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഗൂഗ്ള്‍ മുന്‍ സി ഇ ഒ എറിക് സ്മിഡ്റ്റ്. നീതിയുടെ വശം വേണ്ടതുപോലെ ശ്രദ്ധിക്കാതെ വരുമാനത്തിലും സാമ്പത്തിക നേട്ടത്തിലുമാണ് ഫേസ്ബുക്ക് നോക്കിയതെന്ന് എറിക് സ്മിഡ്റ്റ് ബ്ലൂംബെര്‍ഗ് ടി വിക്ക് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു.

ഫേസ്ബുക്കില്‍ നേരത്തെ ജോലി ചെയ്തിരുന്ന ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഗൂഗിള്‍ മുന്‍ സി ഇ ഒ പ്രതികരിച്ചത്. കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന രേഖകളില്‍ നിന്ന് അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പേ ആളുകള്‍ ഫേസ്ബുക്കിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും അവര്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നും എറിക് പറഞ്ഞു. ഇപ്പോഴാകട്ടെ അതിന് സമാനമായതോ അതിലും ഗുരുതരമായതോ ആയ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുന്‍ സി ഇ ഒ ചൂണ്ടിക്കാട്ടി.
കമ്പനി എന്താണ് ചെയ്യുന്നതെന്ന് അതിന്റെ മേധാവികള്‍ക്ക് കൃത്യമായി അറിയാമെന്നും നിയമലംഘനങ്ങള്‍ മന:പൂര്‍വമാണ് ഫേസ്ബുക്ക് നടത്തുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും എറിക് സ്മിഡ്റ്റ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ടെക് കമ്പനികളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനേയും അദ്ദേഹം അഭിമുഖത്തില്‍ എതിര്‍ത്തു. ഫേസ്ബുക്ക് അടക്കമുള്ള ടെക് ഭീമന്മാര് കുറച്ച് കൂടെ സംയമനത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിച്ച് വിദ്വേഷ പ്രസംഗങ്ങളും വ്യാജപ്രചരണങ്ങളും തടയുന്നതില്‍ നിസ്സംഗത കാണിച്ചുവെന്നും ഫേസ്ബുക്കിന്റെ മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൊഗെയ്ന് പറഞ്ഞിരുന്നു. അമേരിക്കയുടെ നിയനിര്മാണ സഭ, യു എസ് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് എന്നിവയ്ക്ക് മുന്നില്‍ തെളിവുകള്‍ സമര്‍പ്പിച്ച പൊഗെയ്ന് അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇവര്‍ ഫേസ്ബുക്ക് കമ്പനിക്കെതിരായ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഹൊഗെയ്ന് പുറമെ കമ്പനിയിലെ വേറേയും മുന്‍ ഉദ്യോഗസ്ഥര്‍ സമാന ആരോപണങ്ങളുമായി വന്നിരുന്നു.
ഗൂഗ്ള്‍ സി ഇ ഒ സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ടെക്നിക്കല്‍ അഡൈ്വസര്‍ സ്ഥാനത്ത് എറിക് സ്മിഡ്റ്റ് തുടരുന്നുണ്ട്.

