

പേടിക്കേണ്ട, നിങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണെങ്കിലും ഇന്ത്യയിലങ്ങളോമിങ്ങോളം കക്കൂസുണ്ടാക്കാനെന്ന പേരില്‍ തുടങ്ങിയ പെട്രോള്‍ വില വര്‍ധനയ്ക്ക് എല്ലാ ദിവസവും തുടര്‍ച്ചയുണ്ട്. 2021 ഒക്ടോബര്‍ ഒന്നിനും വര്‍ധിച്ചു പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധനവ്.

തെരഞ്ഞെടുപ്പ് അടുത്താല്‍ മിണ്ടാവ്രതത്തിലാകുന്ന പെട്രോളും ഡീസലും അതുകഴിഞ്ഞാല്‍ ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ പോകാനുള്ളതുപോലെ ഉയരത്തില്‍ പറക്കുന്നത് ഇ്ന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഷങ്ങളായി പതിവാണ്. ദരിദ്രര്‍ക്ക് കക്കൂസെന്ന പേരിലാണ് പെട്രോള്‍ വില കൂട്ടല്‍ പരിപാടി തുടങ്ങിയതെങ്കിലും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇപ്പോള്‍ വില വര്‍ധനയ്ക്ക് പുതിയ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ആരും അറിയാതിരുന്ന യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയ കടത്തിലേക്കുള്ള പലിശ ഇനത്തിലേക്കാണത്രെ ഈ വര്‍ധിക്കുന്ന തുകയത്രയും പോകുന്നത്. അങ്ങനെയെങ്കില്‍ ഇത്രയും കാലം നാട്ടിലൊന്നും കക്കൂസുണ്ടാക്കിയില്ലേ എന്നു ചോദിക്കരുത്. കഥയില്‍ ചോദ്യമില്ലെന്നാണല്ലോ ചൊല്ല്.

എന്‍ ഡി എ അധികാരത്തില്‍ വരുന്നതോടെ ആറു മാസത്തിനകം പെട്രോളിനും ഡീസലിനും വില അന്‍പത് രൂപയില്‍ താഴുമെന്ന വന്‍ പ്രഖ്യാപനം നടത്തിയ മഹാന്മാരൊക്കെ ഇപ്പോഴും കേരളത്തില്‍ തെക്കുവടക്കു നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പറന്നതിനും രണ്ടിടങ്ങളില്‍ മത്സരിച്ചതുനുമൊക്കെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അപഹസിക്കുന്നതുകൊണ്ട് പെട്രോള്‍ വില ഇപ്പോള്‍ അധികമാരും ട്രോളാറില്ല. ടോളിയിട്ടും കാര്യമില്ല. അര്‍ധരാത്രിക്കും കുടപിടിക്കുമെന്നും ആലു മുളച്ചാല്‍ അതും തണലെന്നുമൊക്കെ ഇഷ്ടം പോലെ ചൊല്ലുകള്‍ മലയാളത്തിലുണ്ടല്ലോ. മാത്രമല്ല കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് നിരോധനം നടത്തി വര്‍ഷം നാലാകുന്നതിന് മുമ്പേ കോടിക്കണക്കിന് കള്ളപ്പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരില്‍ കടത്തിയതിനും അത് തട്ടിയെടുത്തതിനുമൊക്കെ പൊലീസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പിലുമെല്ലാം വിശദീകരിച്ച് ഏറെ സമയം നഷ്ടമാകുന്നുമുണ്ട്.

അവിടെ കുറയുന്നതുകൊണ്ടാണ് ഇവിടെ കുറയുന്നതെന്നു പറഞ്ഞ കേന്ദ്ര സഹമന്ത്രി പണ്ടൊരുനാള്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ കാളവണ്ടി യാത്ര നടത്തിയതും ഇരുചക്ര വാഹനം തള്ളിക്കൊണ്ടുപോയതുമൊക്കെ മറന്നു പോകാനുള്ളത്ര പ്രായമൊന്നും ജനങ്ങള്‍ക്കാകാത്തതുകൊണ്ടായിരിക്കണം ആ ഫോട്ടോകളൊക്കെ ഇടക്കിടെ കയറി വന്ന് ‘അശ്ലീല’മാകുന്നത്. ചായപ്പൊടിക്കും പഞ്ചസാരയ്ക്കും ഗ്യാസിനുമൊക്കെ വില കൂടിക്കൂടി വരുന്നത് വീട്ടു ബജറ്റ് തകര്‍ക്കുകയും സാധാരണക്കാര്‍ക്ക് ജീവിക്കാനാവുന്നില്ലേയെന്ന് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത വനിതാ നേതാവും അന്ന് ഇരുചക്ര വാഹനം തള്ളാനുണ്ടായിരുന്നു. ‘തള്ളിത്തള്ളി’ ഇപ്പോള്‍ സാധാരണക്കാരല്ലാതെ വന്നതുകൊണ്ടാവണം വിലക്കയറ്റമൊന്നും അവരെ ബാധിക്കുന്നുണ്ടാകില്ല. അതുകൊണ്ടുതന്നെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വേണ്ടല്ലോ.

അതുപോട്ടെ, പെട്രോള്‍ വിലയിലേക്ക് മടങ്ങിയെത്താം. 2021 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ 13 പൈസയാണ് ഈടാക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് വില 95 രൂപ 35 പൈസയുമുണ്ട്. ഡീസലും നൂറിലെത്തിയിട്ടു വേണം ഒന്നാഘോഷിക്കാന്‍. സിംഗിളുകളും ഡബിളുകളുമായി സെഞ്ച്വറിയെന്നൊരു തലക്കെട്ടും കൊടുക്കണം.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 07 പൈസയായി ഉയര്‍ന്നപ്പോള്‍ ഡീസലിന് വില 95 രൂപ 08 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35 പൈസയുമാണ്.
കോവിഡ് കാലമാണ് കടന്നുപോകുന്നത്. പരമാവധി ആളുകള്‍ക്കും വാക്‌സിനൊക്കെ കൊടുത്തതുകൊണ്ട് രോഗതീവ്രതയില്‍ നല്ല കുറവുണ്ട്. പക്ഷേ പഴയതുപോലെ ജീവിതമൊന്നും സാധാരണ നിലയിലേക്ക് ആയിട്ടില്ല. എന്നിട്ടും ഇങ്ങനെയൊക്കെയാണ് അവസ്ഥ.

