
ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിച്ച ‘ഗ്രീന്‍ കോണ്ഫ്ളൂന്സ് 2026’ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിച്ച ശ്രദ്ധേയമായ ഓപ്പണ്‍ ഫോറമായി മാറി. ദോഹയിലെ അരോമ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഓരോ മനുഷ്യന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ഫോറം ഉയര്‍ത്തിക്കാട്ടിയത്. പ്രകൃതിയെയും വികസനത്തെയും പരസ്പര വിരുദ്ധങ്ങളായി കാണാതെ, സുസ്ഥിര വികസനത്തിലൂടെ രണ്ടിനെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.


ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി സാബിക് എടവണ്ണ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് സി ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും വരും തലമുറകള്‍ക്ക് സുരക്ഷിതവും ഹരിതാഭവുമായ ഭൂമി കൈമാറേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ലക്ചററും ഗവേഷകനുമായ ഡോ. നയീം മുള്ളുങ്ങള്‍ മോഡറേറ്ററായ ചര്‍ച്ചയില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങള്‍ മുതല്‍ പ്രാദേശിക തലത്തിലെ പരിസ്ഥിതി വെല്ലുവിളികള്‍ വരെ വിശദമായി വിലയിരുത്തി. പരിസ്ഥിതി ഗവേഷക ഡോ. പ്രതിഭ, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്, മജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലി, ഇന്ത്യന്‍ ഫാര്‍മസി അസോസിയേഷന് പ്രസിഡന്റ് നൗഫല്‍ കട്ടയാട്ട്, മലബാര്‍ അടുക്കള അഡ്മിന് ശഹാന ഇല്യാസ്, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍വാഹിദ്, മുഖ്യ രക്ഷാധികാരി ഷൗക്കത്ത് അലി താജ്, ഫൗണ്ടര്‍ പ്രസിഡന്റ് വി സി മഷൂദ്, ഫൗണ്ടര്‍ മെമ്പര്‍ സിദ്ധീഖ് വാഴക്കാട്, മുന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഇ കെ, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് പ്രതിനിധി അസീസ് പുറായില്‍, വനിതാ വിഭാഗം പ്രസിഡന്റ് മുഹ്സിന സമീല്‍, വനിതാ വിഭാഗം ട്രഷറര്‍ ഷാന നസ്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവിധ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രവാസി സമൂഹത്തിനും സംഘടനകള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, മാലിന്യ സംസ്കരണം, ജലസംരക്ഷണം, പരിസ്ഥിതി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
ചാലിയാര്‍ ദോഹയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം ഒരു ദിനാചരണ പരിപാടിയെന്നതിലുപരി, ഹരിത ഭാവിക്കായുള്ള കൂട്ടായ ചിന്തയുടെയും പ്രവര്‍ത്തന പ്രതിജ്ഞയുടെയും വേദിയായി മാറി.
ചാലിയാര്‍ ദോഹ ട്രഷറര്‍ അബ്ദുല്‍ അസീസ് നന്ദി പ്രമേയം അവതരിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കാനും അതിനായി പ്രായോഗിക പദ്ധതികള്‍ നടപ്പാക്കാനും പ്രതിജ്ഞയെടുത്താണ് ‘ഗ്രീന്‍ കോണ്ഫ്ളൂന്സ് 2026’ സമാപിച്ചത്.

