NEWS
വിപിഎസ് ലേക്‌ഷോറില്‍ ലോകത്തിലെ ആദ്യ എന്‍ഡോ- റോബോട്ടിക് ശസ്ത്രക്രിയ
കൊച്ചി: അന്നനാളത്തിന്റെ തുടക്കഭാഗത്തെ കാന്‍സറിന് ലോകത്ത് ആദ്യമായി എന്‍ഡോ- റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി.
അന്നനാളത്തിന്റെ തുടക്ക ഭാഗത്തു വരുന്ന പോസ്റ്റ് ക്രൈകൊയ്ഡ് ഭാഗത്തെ ക്യാന്‍സറുകള്‍ ചികിത്സിക്കാന്‍ അന്നനാളം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പകരം പുതിയ രീതിയാണ് വിപിഎസ് ലേക്‌ഷോറിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ആവിഷ്‌ക്കരിച്ചത്.
75 വയസ്സുള്ള പാലക്കാടുകാരിയായ ദേവകിയമ്മയ്ക്കാണ് അന്നനാളത്തിന്റെ തുടക്ക ഭാഗത്തുള്ള പോസ്റ്റ് ക്രൈകൊയ്ഡ് ഭാഗത്തെ ക്യാന്‍സര്‍ ഭേദമാക്കിയത്. തുടക്കത്തില്‍ റേഡിയേഷന്‍ ചികിത്സ നടത്തിയെങ്കിലും ക്യാന്‍സര്‍ മാറാതിരുന്നതിനാല്‍ ഫുള്‍ ബോഡി സ്‌കാന്‍ എടുത്തു നോക്കിയപ്പോള്‍ മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടില്ലെന്ന് ബോധ്യമായതോടെയാണ് പുതിയ രീതി പരീക്ഷിക്കാന്‍ തയ്യാറായത്.
സാധാരണഗതിയില്‍ ഈ അവസ്ഥയില്‍ തൊണ്ടയും അന്നനാളവും നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് എടുത്ത ടിഷ്യു കൊണ്ട് അന്നനാളം പുനര്‍നിര്‍മ്മിക്കുന്ന ശസ്ത്രക്രിയയാണ് ചികിത്സ. ഇത് വളരെ ദൈര്‍ഘ്യമേറിയതും രോഗിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതുമായ ശസ്ത്രക്രിയയാണ്. ഇതുവഴി സ്വാഭാവികമായി സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള ശേഷി രോഗിക്ക് നഷ്ടപ്പെടുകയും ചെയ്യും.
ഈ പ്രശ്‌നത്തിന് പുതിയ പരിഹാരമാണ് ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി മേധാവി ഡോ. ഷോണ്‍ ടി ജോസഫ്, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. റോയ് ജെ മുക്കട എന്നിവര്‍ കണ്ടുപിടിച്ചത്. റോബോട്ട് കൊണ്ട് എത്താന്‍ പറ്റാത്ത അന്നനാളത്തിലേക്ക് പോകുന്ന ക്യാന്‍സറിന്റെ ഭാഗം ഗ്യാസ്‌ട്രോ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ചും മുകളിലുള്ള ഭാഗം റോബോട്ട് സര്‍ജറി കൊണ്ടും സമീപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാന്‍സര്‍ പൂര്‍ണമായിട്ടും നീക്കി എന്ന് പാത്തോളജി പരിശോധന വഴി ഉറപ്പുവരുത്തുകയും ചെയ്തു.
ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ പരിക്ക് കവിളിന്റെ ഉള്‍ഭാഗത്തുള്ള ടിഷ്യു ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പുനര്‍ നിര്‍മ്മിച്ചു. ഇതിനും റോബോട്ടിക് ശസ്ത്രക്രിയ രീതി ഉപകാരപ്പെട്ടു. ഇത്തരം ഒരു പുനര്‍നിര്‍മാണ ശസ്ത്രക്രിയയും പുതിയതാണ്. സര്‍ജറിക്ക് ശേഷം രോഗി ആരോഗ്യം വീണ്ടെടുത്ത് വരുന്നു. സംസാരിക്കാനും വെള്ളം കുടിക്കാനും തുടങ്ങി. കുറച്ചു ദിവസത്തെ കൂടി പുനരധിവാസത്തിനുശേഷം രോഗിക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പറ്റും എന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. എന്‍ഡോ റോബോട്ടിക്ക് സര്‍ജറി ഇത്തരം അസുഖങ്ങളുള്ള രോഗികള്‍ക്കും പുതിയൊരു പരിഹാരം ആവുകയാണെന്ന് ഡോ. ഷോണ്‍ ടി ജോസഫ്, ഡോ. റോയ് ജെ മുക്കട എന്നിവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ലേക്‌ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുല്ല, ഡോ. ഷോണ്‍ ടി ജോസഫ്, ഡോ. റോയ് ജെ മുക്കട, ഡോ. ജയ സൂസന്‍ ജേക്കബ്, ദേവകിയമ്മ എന്നിവര്‍ പങ്കെടുത്തു.