ചാരിറ്റി കോര്‍പ്പറേറ്റ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പിന് എസി മിലാന്‍ അക്കാദമിയുമായി കൈ കോര്‍ക്കാന്‍ വൈ2കെ ടോട്‌സ് ഫൗണ്ടേഷന്‍

Web Desk
2 Min Read

കൊച്ചി: കൊച്ചിയില്‍ ചാരിറ്റി കോര്‍പ്പറേറ്റ് സെവന്‍സ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ എസി മിലാന്‍ അക്കാദമിയുമായി കൈ കോര്‍ക്കുമെന്ന് വൈ2കെ ടോട്‌സ് ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ രഞ്ജിത് ജോര്‍ജ് അറിയിച്ചു. 2023 ജനുവരി എട്ടു മുതല്‍ 12 വരെ കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററിലായിരിക്കും ചാരിറ്റി സോക്കര്‍ അരങ്ങേറുക. വിവിധ മേഖലകളില്‍ നിന്നായി 30-ലേറെ ടീമുകള്‍ പങ്കെടുക്കുമെന്നും രഞ്ജിത് ജോര്‍ജ് പറഞ്ഞു.

city exchange

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ അനാഥാലയങ്ങളിലും മറ്റുമുള്ള കുട്ടികള്‍ക്ക് പോഷകാഹാരം എത്തിച്ചു നല്‍കുന്ന ഗുഡ് ഫുഡ് ത്രൈവ് പദ്ധതിയ്ക്കായിരിക്കും ഇതില്‍ നിന്നു ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്നും രഞ്ജിത് ജോര്‍ജ് പറഞ്ഞു. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ പള്ളുരുത്തി സ്‌നേഹഭവനില്‍ നിന്നുള്ള ഫുട്‌ബോള്‍ കളിക്കാരായ കുട്ടികള്‍ക്കൊപ്പം എസി മിലാന്റെ കേരളത്തിലെ അക്കാദമി പ്രൊജക്ടിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബെര്‍ട്ടോ ലകന്‍ഡേല, മുന്‍ ഫുട്‌ബോള്‍ താരവും എസി മിലാന്റെ അംബാസഡറുമായ ക്രിസ്റ്റ്യന്‍ പനൂചി, മുംബൈയിലെ ഇറ്റലിയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ലൂയ്ഗി കാസ്‌കോണ്‍, രഞ്ജിത് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സമൂഹത്തിലെ നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ക്ക് പിന്തുണയേകുകയെന്നത് എസി മിലാന്റെയും എസി മിലാന്റെ കേരളത്തിലെ അക്കാദമിയുടേയും നയമാണെന്നതിനാല്‍ ചാരിറ്റി സോക്കറുമായി സഹകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ആല്‍ബെര്‍ടോ ലകന്‍ഡേല അറിയിച്ചു. നിര്‍ധനരും അനാഥരുമായ കുട്ടികള്‍ക്ക് വെറും ആഹാരമല്ല വെല്‍നെസ് ഫുഡ് തന്നെ നല്‍കണമെന്ന ബോധ്യത്തില്‍ നിന്നാണ് ഗുഡ് ഫുഡ് ത്രൈവിന്റെ പിറവിയെന്ന് രഞ്ജിത് ജോര്‍ജ് പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യയില്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം 57.72 ലക്ഷത്തിലേറെയാണെന്ന യുണിസെഫിന്റെ സമീപകാല കണക്കുകള്‍ രഞ്ജിത് ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇതു കണക്കിലെടുത്താണ് ഗുഡ് ഫുഡ് ത്രൈവിന് തുടക്കമിട്ടത്. നിര്‍ധനരും അനാഥരുമായ കുട്ടികള്‍ക്ക് വെല്‍നസ് ഫുഡ് എത്തിക്കുന്നതിനായി രാജ്യത്തെ എന്‍ ജി ഒ മേഖലയില്‍ നിന്നുണ്ടായ ആദ്യപദ്ധതിയാണ് ഗുഡ് ഫുഡ് ത്രൈവെന്നും രഞ്ജിത് പറഞ്ഞു.

എസി മിലാനു പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് തുടങ്ങിയ സംഘടനകളുടേയും പിന്തുണ സോക്കര്‍ ചാമ്പ്യന്‍ഷിപ്പിനുണ്ട്. ഓരോ മാച്ചിനും മുന്നോടിയായി സിനിമാതാരങ്ങളുള്‍പ്പെട്ട പ്രശസ്ത വ്യക്തികള്‍, വ്ളോഗര്‍മാര്‍, സ്ഥാപനങ്ങളുടെ ഉന്നതപദവികള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങിയവരുടേയും പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടേയും ടീമുകള്‍ തമ്മിലുള്ള സൗഹൃദമത്സരങ്ങളും നടക്കും. ‘നിര്‍ധനരും അനാഥരുമായ കുട്ടികള്‍ക്ക് പോഷാകാഹാരം നല്‍കുന്നത് മാത്രമല്ല അവരെ ഇത്തരം വിനോദങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതമായ മാനസിക ആരോഗ്യമുള്ളവരാക്കിത്തീര്‍ക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്,’ രഞ്ജിത് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരിക്കെ രഞ്ജിതും കൂട്ടുകാരും ചേര്‍ന്ന് 2000ല്‍ തുടക്കമിട്ട വൈ2കെ ടോട്‌സ് അന്നു മുതല്‍ വിവിധ അനാഥയങ്ങളിലും ജൂവനൈല്‍ ഹോമുകളിലും ബഹുരാഷ്ട്ര കമ്പനികളായ ഹണിവെല്‍, പെപ്‌സി, കഫേ കോഫി ഡേ തുടങ്ങിയവയുടെ സഹായത്തോടെ സന്നദ്ധ സേവനം ചെയ്തിരുന്നു. കൊച്ചി ആസ്ഥാനമായി 2003ല്‍ ഫൗണ്ടേഷനായി രൂപികൃതമായ വൈ2കെ ടോട്സ് നാളിതുവരെ 800-ലേറെ വോളന്റീര്‍മാര്‍ വഴി 5000-ത്തില്‍പ്പരം നിര്‍ധനരായ കുട്ടികള്‍ക്ക് സഹായങ്ങളെത്തിച്ചിട്ടുണ്ടെന്നരഞ്ജിത് ജോര്‍ജ് പറഞ്ഞു. വിവരങ്ങള്‍ക്ക് www.y2ktots.org

Share This Article
Leave a Comment
error: Content is protected !!