അഫ്ഗാനിലെ 20 വര്‍ഷം; നഷ്ടക്കണക്കില്‍ യു എസ്

Web Desk
2 Min Read

വാഷിംഗ്ടണ്‍: രണ്ടുപതിറ്റാണ്ടു കാലത്തെ അഫ്ഗാന്‍ ചരിത്രം അമേരിക്കക്ക് നല്കുന്നത് നഷ്ടത്തിന്റെ മാത്രം കണക്കുകള്‍. അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കന്‍ സൈന്യമിറങ്ങാന്‍ കാരണമായ 2001 സെപ്്തംബര്‍ 11ലെ ആക്രമണമായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഐ എസ് ചാവേര്‍ ആക്രമണത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരില്‍ ഭൂരിപക്ഷവും അക്കാലത്തോ അതിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലോ ജനിച്ചവരായിരുന്നു. അമേരിക്കക്ക് ലക്ഷ്യം തെറ്റിപ്പോയ യുദ്ധമായി അഫ്ഗാനിസ്ഥാന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് ഇങ്ങനെയായിരിക്കും.

city exchange


അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമാണ് അഫ്ഗാനിസ്ഥാനില്‍ അവര്‍ നയിച്ചത്. എന്നിട്ടും ജയിക്കാനാകാതെ അവസാന സൈനികനേയും വഹിച്ച് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സി17 വിമാനം പറന്നുയര്‍പ്പോള്‍ മുഖം രക്ഷിക്കാനുള്ള ഒരു ന്യായീകരണം പോലും അമേരിക്കയുടെ കൈവശമില്ലായിരുന്നു.
ഇരുപത് വര്‍ഷത്തെ അഫ്ഗാന്‍ പോരാട്ടത്തിനിടയില്‍ അമേരിക്കയ്ക്ക് നഷ്ടമായ 2400ലേറെ സൈനികരെയായിരുന്നു.


ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ‘കോസ്റ്റ് ഓഫ് വാര്‍ പ്രൊജക്ടില്‍’ നിന്നുള്ള കണക്കുകള്‍ പ്രകാരം 2001 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലയളവിലെ നഷ്ടങ്ങളുടെയും ചെലവുകളുടെയും ഏകദേശ കണക്കുകളുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അമേരിക്കയ്ക്കുണ്ടായ നഷ്ടം ഞെട്ടിക്കുന്നതായിരുന്നു. ഇതോടൊപ്പം പെന്റഗണ്‍, വൈറ്റ് ഹൗസ്, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബ്രീഫിംഗുകള്‍ എന്നിവയില്‍ നിന്നുമെടുത്തു ചേര്‍ത്തതോടെ ഭീമമായ നഷ്ടമാണ് യു എസിന് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാകും.

- Advertisement -
Ad image

2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍ ഡി സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏകദേശം മൂവായിരമാണ്. സെപ്തംബര്‍ 11 ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ യു എസ് സായുധ സേനയെ ഉപയോഗിക്കാന്‍ യു എസ് കോണ്‍ഗ്രസ് 2001 സെപ്തംബര്‍ 18നാണ് അനുമതി നല്കിയത്.


കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 2461 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. യു എസ് കരാറുകാരായ 3846 പേരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മറ്റൊരു വിഭാഗം. അഫ്ഗാനിസ്ഥാന്റെ ദേശീയ സൈനിക, പൊലീസ് സേവനങ്ങളിലുണ്ടായിരുന്ന അറുപത്തി ആറായിരം പേരും കൊല്ലപ്പെട്ടു. സിവിലിയന്മാര്‍ 47,245 പേരാണ് ഈ കാലത്തിനിടയില്‍ കൊല്ലപ്പെട്ടതെന്നും കണക്കുകള്‍ പറയുന്നു.


അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി പ്രവര്‍ത്തിക്കാന്‍ അമേരിക്ക ഇക്കാലത്തിനിടയില്‍ ചെലവഴിച്ചത് 2.313 ട്രില്യന്‍ ഡോളറാണ്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഇനിയും നൂറുമുതല്‍ ഇരുന്നൂറു വരെ അമേരിക്കക്കാരുണ്ട്. ഐ എസിന് കുറഞ്ഞത് രണ്ടായിരം പ്രവര്‍ത്തകരെങ്കിലും ഇവിടെയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതിന് മുമ്പായി 27 ഹംവീസും 73 വിമാനങ്ങളും ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം നിര്‍വീര്യമാക്കി ഉപേക്ഷിക്കുകയാണുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!