

കൊളംബോ/ ചെന്നൈ: ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്ടിലും കനത്ത മഴയെ തുടര്‍ന്ന് 25 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് വീടുകള്‍ തകരുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 20 പേരാണ് മുങ്ങി മരിച്ചത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനം ഭയന്ന് സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് അയക്കാനാണ് അധികൃതര്‍ തയ്യാറായതെന്ന് ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രം മേധാവി സുദന്ത രണസിംഗ പറഞ്ഞു.


കനത്ത മഴയ്ക്കു പിന്നാലെ വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം തമിഴ്‌നാടിന്റെ ഭാഗത്തേക്ക് നീങ്ങുമെന്ന് ശ്രീലങ്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈയില്‍ അഞ്ചുപേരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റേയും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റേയും ചില ഭാഗങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറു കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് റേഷനും ഭക്ഷണവും വിതരണം ചെയ്തു.
ദുരന്ത നിവാരണ നിധിയില്‍ നിന്ന് പണം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

