

ദോഹ: മെയ് മൂന്നാം തിയ്യതി ദോഹ മെട്രോയില്‍ യാത്ര ചെയ്തവര്‍ രണ്ടര ലക്ഷം പേര്‍. പ്രഥമ ഖത്തര്‍ ഈദ് ഫെസ്റ്റിവല്‍ ദോഹ കോര്‍ണിഷില്‍ ആരംഭിച്ച ദിനമായിരുന്നു അത്.

തെരുവുകളിലെല്ലാം നിറയെ കാല്‍നട യാത്രക്കാരുണ്ടാവുകയും വൈകിട്ട് നിരവധി പരിപാടികള്‍ അരങ്ങേറുകയും ചെയ്യുന്നതിനാലാണ് നിരവധി പേര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വേദികളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ ദോഹ മെട്രോ ഉപയോഗപ്പെടുത്തിയത്.

സുരക്ഷയ്ക്ക് ഭീഷണിയുള്ള ഒരു സന്ദര്‍ഭം പോലുമില്ലാതെയാണ് രണ്ടര ലക്ഷം യാത്രക്കാരെ അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചതെന്ന് ദോഹ മെട്രോ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു. സുരക്ഷയുടെ മികച്ച റെക്കോര്‍ഡാണ് തങ്ങള്‍ക്കുള്ളതെന്നും ഖത്തര്‍ റെയില്‍ ട്വീറ്റില്‍ പറയുന്നു.
ഈദ് ഫെസ്റ്റിവല്‍ അരങ്ങേറുന്ന കോര്‍ണിഷിന് സമീപത്തെ സ്റ്റേഷനുകളായ കോര്‍ണിഷ്, അല്‍ബിദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. കത്താറ, മാള്‍ ഓഫ് ഖത്തര്‍ തുടങ്ങി ഈദാഘോഷ പരിപാടികള്‍ അരങ്ങേറുന്ന മറ്റു വേദികളിലേക്കെത്താനും ജനങ്ങള്‍ ദോഹ മെട്രോയെ കൂടുതല്‍ ആശ്രയിച്ചു.

