

ദോഹ: ലോകത്തിന്റെ കണ്ണിലെ കൗതുകപ്പന്തിന് ഖത്തറിലൊരു തട്ടു കിട്ടാന്‍ ഇനി ബാക്കി കേവലം 200 ദിവസങ്ങള്‍. മിഡില്‍ ഈസ്റ്റിലേയും അറബ് ലോകത്തേയും ആദ്യ ലോകകപ്പ് ഫുട്ബാള്‍ മത്സരത്തെ ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാനമായ ദോഹയില്‍ നിന്നും ഏറ്റവും കൂടിയാല്‍ ഒരു മണിക്കൂര്‍ മാത്രം വാഹനമോടിച്ചാല്‍ ഏത് ലോകകപ്പ് സ്റ്റേഡിയത്തിലേക്കും എത്തിച്ചേരാനാവുമെന്നതാണ് പ്രധാന പ്രത്യേകത. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ കളിയാരാധകര്‍ക്ക് ഒരു ദിവസം ഒന്നിലേറെ മത്സരങ്ങള്‍ നേരില്‍ കാണാനാവുന്ന ആദ്യ ലോകകപ്പായിരിക്കും ദോഹയിലേത്.

സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക സൗഹൃദമായ ലോകകപ്പെന്ന പ്രത്യേകതയും ഖത്തര്‍ 2022നുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ഖത്തര്‍ ലോകകപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി. പതിറ്റാണ്ടുകളായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് കേവലം സ്വപ്‌നം മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് വെറും 200 ദിവസം മാത്രം അകലെയാണെന്നും ഹസ്സന്‍ തവാദി പറഞ്ഞു. വര്‍ഷങ്ങളുടെ നീണ്ട കഠിനാധ്വാനം ഫലമാവുകയാണെന്നും അദ്ദേഹം വിശദമാക്കി.
ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങി സമീപകാല ടൂര്‍ണമെന്റുകളില്‍ നിന്നും പല കാര്യങ്ങളും പഠിക്കാനായെന്നും കഴിഞ്ഞ വര്‍ഷം അവയെല്ലാം ഖത്തറില്‍ വിജയകരമായി നടപ്പാക്കാനായെന്നും സുപ്രിം കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ യാസിര്‍ അല്‍ ജമാല്‍ പറഞ്ഞു.

