

നെടുമ്പാശ്ശേരി: മാഞ്ഞാലി തോടിനുകുറുകേ മേയ്ക്കാടിനേയും പറമ്പുശ്ശേരിയേയും ബന്ധിപ്പിക്കുന്ന ആലുങ്കല്‍ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. അപ്രോച്ച് റോഡിനാവശ്യമായ 55 സെന്റ് ഭൂമിയില്‍ അഞ്ചു പേരുടെ ഭൂമിയൊഴികെ മറ്റെല്ലാ ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള അഞ്ചു പേരുടെ ഭൂമി കുടി ഇപ്പോള്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുമെന്ന് എം എല്‍ എ പറഞ്ഞു.

പാലം നിര്‍മാണത്തിന് 11.22 കോടി രൂപ നബാര്‍ഡില്‍ നിന്നും അനുവദിച്ചു പൂര്‍ത്തിയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 290 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നുവെങ്കിലും ഈ തുക മതിയാകാതെ വന്നതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണ്ണമായിരുന്നില്ല.
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി രണ്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിനയച്ചിട്ടുണ്ട്. ഈ തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ചാല്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം തുടങ്ങുവാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.
