കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

Web Desk
2 Min Read

കോഴിക്കോട്: പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ ആറുമണിയോടെ ആയിരുന്നു അന്ത്യം.

city exchange

മര്‍കസ് വൈസ് പ്രിന്‍സിപ്പാളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനും ആണ്. മുസ്ലിം കര്‍മ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ല്‍ കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കീഴിലെ ദീര്‍ഘകാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി. 1975ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാദിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

- Advertisement -
Ad image

മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്ടര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ കെ ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

രാവിലെ ഒന്‍പത് മണിക്ക് കാരന്തൂര്‍ ജാമിഅ മര്‍കസ് മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം കൊടുവള്ളി കരുവന്‍പൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങള്‍ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!