
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ല്‍ പങ്കെടുക്കാന്‍ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സെപ്റ്റംബര്‍ 11ന് വെള്ളിയാഴ്ച ബഹ്റൈനിലെത്തും.

മന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം മിഷന്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി സമൂഹത്തില്‍ മലയാള ഭാഷയും കേരളത്തിന്റെ സംസ്‌കാരവും കൂടുതല്‍ ശക്തമായി വളര്‍ത്തുന്നതിനുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപാടി ഊര്‍ജം പകരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വൈകിട്ട് 6ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ബി കെ എസ് വനിതാ വേദി അവതരിപ്പിക്കുന്ന ‘അരുദ്ര’ മെഗാ തിരുവാതിരയ്ക്ക് മന്ത്രി പി സി വിഷ്ണുനാഥ് ആശംസകള്‍ നേരും. ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.
കേരളത്തിന്റെ തനത് കലാപാരമ്പര്യവും സ്ത്രീകളുടെ കൂട്ടായ്മയും ആഘോഷമാക്കുന്ന മെഗാ തിരുവാതിര ശ്രാവണം 2026ലെ ശ്രദ്ധേയമായ സാംസ്‌കാരിക വിരുന്നായി മാറും. പ്രവാസി മലയാളികളുടെ സാംസ്‌കാരിക പൈതൃകവും കേരളത്തിന്റെ കലാ- സാംസ്‌കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്റൈനിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം കമ്മിറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍ ബി നായര്‍ എന്നിവര്‍ അറിയിച്ചു.
മന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം പ്രവാസി മലയാളി സമൂഹവും കേരളത്തിന്റെ സാംസ്‌കാരിക നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ശ്രാവണം 2026ന്റെ ആഘോഷങ്ങള്‍ക്ക് പുതിയൊരു സാംസ്‌കാരിക അധ്യായം കൂടി സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

