
ദോഹ: മാനുഷിക സഹകരണവും സായുധ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ സംരക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഖത്തറും റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതിയും (ഐ സി ആര്‍ സി) ചര്‍ച്ച ചെയ്തു.

ഖത്തര്‍ സന്ദര്‍ശിക്കുന്ന ഐ സി ആര്‍ സി ഡയറക്ടര്‍ ജനറല്‍ പിയറി ക്രാഹന്‍ബുല്‍, രാജ്യാന്തര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദുമായി കൂടിക്കാഴ്ച നടത്തി.

ഖത്തറും ഐ സി ആര്‍ സിയും തമ്മിലുള്ള ബന്ധവും അത് കൂടുതല്‍ വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക, സാധാരണക്കാരുടെയും സായുധ സംഘര്‍ഷങ്ങളില്‍ ബാധിതരാകുന്നവരുടെയും സംരക്ഷണം ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങളും ചട്ടങ്ങളും കൂടുതല്‍ ഉറപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.
ഗസ്സ മുനമ്പിലെയും സുഡാനിലെയും നിലവിലെ മാനുഷിക സാഹചര്യങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഏറ്റവും ദുരിതബാധിതരായ ജനവിഭാഗങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍, സാധാരണക്കാരുടെയും മാനുഷിക സഹായ പ്രവര്‍ത്തകരുടെയും സംരക്ഷണം ശക്തിപ്പെടുത്തല്‍, സംഘര്‍ഷബാധിതരുടെ ദുരിതം ലഘൂകരിക്കല്‍ എന്നിവയ്ക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ശക്തിപ്പെടുത്തുന്നതിനും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ പ്രാധാന്യവും ഖത്തറും ഐ സി ആര്‍ സിയും ആവര്‍ത്തിച്ച് വ്യക്തമാക്കി.

