
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപികയും സീനിയര്‍ ആക്ടിവിറ്റി കോഓര്‍ഡിനേറ്ററുമായ സൗമ്യ മാത്യുവിന് 2026ലെ ഷിക്ഷാ ടൈംസ് ഗ്ലോബല്‍ എജ്യുക്കേറ്റേഴ്‌സ് അവാര്‍ഡ്. 2026ലെ മികച്ച സയന്‍സ് ടീച്ചര്‍ എന്ന വിഭാഗത്തിലാണ് സൗമ്യ മാത്യുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ സമര്‍പ്പിത സേവനം, നൂതന അധ്യാപന രീതികള്‍, വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, പഠനം കൂടുതല്‍ അര്‍ഥവത്തും ആകര്‍ഷകവുമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

സൗമ്യ മാത്യുവിന്റെ നേട്ടം ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനും അഭിമാനകരമായ അംഗീകാരമായി. ശാസ്ത്രവിഷയങ്ങളോടുള്ള വിദ്യാര്‍ഥികളുടെ ജിജ്ഞാസ വളര്‍ത്തുന്നതിനും പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിനും ശാസ്ത്രത്തില്‍ ശക്തമായ അറിവ് വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനുമുള്ള സൗമ്യ മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പുരസ്‌കാരം നേടിയ സൗമ്യ മാത്യുവിനെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും അഭിനന്ദിച്ചു. സ്‌കൂളിനും അധ്യാപന മേഖലയ്ക്കും അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ അധികൃതര്‍ പ്രത്യേകം പ്രശംസിച്ചു.

