
ദോഹ: അന്തരീക്ഷത്തിലെ ഈര്‍പ്പം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാന്‍ കഴിയുന്ന നൂതന സംവിധാനം വികസിപ്പിച്ച് ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയ. ലെഖ്വിയയുടെ സെക്യൂരിറ്റി ടെക്നോളജി വിഭാഗമാണ് വിവിധ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസൃതമായി സംവിധാനം വികസിപ്പിച്ചത്.

രണ്ട് മോഡലുകളാണ് സംവിധാനത്തിനുള്ളത്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാവുന്ന ആദ്യ മോഡലിന് പ്രതിദിനം 200 ലിറ്റര്‍ വെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയും. 330 മില്ലിലിറ്റര്‍ വീതമുള്ള ഏകദേശം 600 കുപ്പി വെള്ളത്തിന് തുല്യമാണിത്.

കൂടുതല്‍ വെള്ളം ആവശ്യമായ പ്രദേശങ്ങളിലും സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിലാണ് രണ്ടാമത്തെ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിദിനം 5,000 ലിറ്റര്‍ വരെ വെള്ളം ഉത്പാദിപ്പിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. 330 മില്ലിലിറ്റര്‍ വീതമുള്ള ഏകദേശം 12,000 കുപ്പി വെള്ളത്തിന് തുല്യമാണിത്.
രാസ, റേഡിയോ ആക്ടീവ് മലിനീകരണങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ നേരിടുന്നതിനും ഉയര്‍ന്ന സുരക്ഷാ- ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കാനാകും.
കഴിഞ്ഞ വര്‍ഷം ദോഹയ്ക്കു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷി ബദര്‍ സഅദ് മുഹമ്മദ് അല്‍ ഹമീദി അല്‍ ദോസരിയുടെ സ്മരണാര്‍ഥം സംവിധാനത്തിന് ‘ബദര്‍’ എന്നാണ് ലെഖ്വിയ പേര് നല്‍കിയിരിക്കുന്നത്.
സാധ്യതയുള്ള അപകടങ്ങളും വെല്ലുവിളികളും നേരിടുന്നതിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെയും സുരക്ഷാ, ഫീല്‍ഡ് ആവശ്യങ്ങള്‍ക്കായി നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതിയെ ലെഖ്വിയ അവതരിപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിലും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലുമെല്ലാം വായുവില്‍നിന്ന് വെള്ളം ഉത്പാദിപ്പിക്കുന്ന സംവിധാനം പ്രധാനപ്പെട്ട ബദല്‍ കുടിവെള്ള സ്രോതസ്സായി മാറിയേക്കും. പരമ്പരാഗത ജലവിതരണം ലഭ്യമല്ലാത്തതോ തടസ്സപ്പെടുന്നതോ ആയ പ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനകരമാകും.
പ്രവര്‍ത്തന സജ്ജത ശക്തിപ്പെടുത്തുന്നതിലും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷി മെച്ചപ്പെടുത്തുന്നതിലും സാങ്കേതിക നൂതനത്വത്തിനും സുസ്ഥിര പരിഹാരങ്ങള്‍ക്കും ലഭിക്കുന്ന വര്‍ധിച്ചുവരുന്ന പ്രാധാന്യവും ഈ പദ്ധതി വ്യക്തമാക്കുന്നു.

