ഖത്തര്‍ എയര്‍വേയ്സിന്റെ ശീതകാല സര്‍വീസ് ശൃംഖല 170-ലേറെ രാജ്യാന്തര കേന്ദ്രങ്ങളിലേക്ക്

Web Desk
2 Min Read

ദോഹ: 2026-27 ശീതകാല സീസണില്‍ ആഗോള സര്‍വീസ് ശൃംഖല 170-ലേറെ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. രാജ്യാന്തര കണക്റ്റിവിറ്റിയിലെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഇതിനൊപ്പം സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സേവനവും വ്യാപിപ്പിച്ചുവരികയാണ്.

city exchange

ആഫ്രിക്ക, ഏഷ്യ- പസഫിക്, യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളിലായി ആഴ്ചയില്‍ 186-ലേറെ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്. പ്രധാന രാജ്യാന്തര വിപണികളിലെ സര്‍വീസ് ആവൃത്തി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ആഫ്രിക്കയില്‍ സാന്‍സിബാറിലേക്കുള്ള പ്രതിദിന സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ പുന:രാരംഭിക്കും. 2027 മാര്‍ച്ച് 1 മുതല്‍ സീഷെല്‍സിലേക്കുള്ള സര്‍വീസുകളും പ്രതിദിനമാകും. 2026 ഡിസംബര്‍ 2 മുതല്‍ ജോഹന്നാസ്ബര്‍ഗിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 18 ആയി ഉയര്‍ത്തും.

വടക്കേ അമേരിക്കയില്‍ 2026 ഒക്ടോബര്‍ 25 മുതല്‍ മോണ്‍ട്രിയലിലേക്കുള്ള സര്‍വീസ് പ്രതിദിനമാകും. ഇതോടെ സീറ്റുകളുടെ ലഭ്യതയില്‍ 40 ശതമാനം വര്‍ധനയുണ്ടാകും.

- Advertisement -
Ad image

ഏഷ്യയിലും ഓസ്ട്രലേഷ്യയിലും ഫുക്കറ്റ്, മാലി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 25 മുതല്‍ ആഴ്ചയില്‍ 21 ആയി ഉയരും. ഹോ ചി മിന്‍ സിറ്റിയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 7 മുതല്‍ ആഴ്ചയില്‍ 11 ആയി വര്‍ധിപ്പിക്കും. ദോഹയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള നോംപെന്‍ റൂട്ടും തുടരും.

ക്വാലാലംപൂരിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 18 ആയി വര്‍ധിപ്പിക്കും. കോഡ്ഷെയര്‍ പങ്കാളിയായ മലേഷ്യ എയര്‍ലൈന്‍സ് ആഴ്ചയില്‍ 14 സര്‍വീസുകളും നടത്തും.

ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ വഴി കാന്‍ബറയിലേക്കുള്ള പ്രതിദിന സര്‍വീസ് 2026 ഡിസംബര്‍ 9 മുതല്‍ പുന:രാരംഭിക്കും. മെല്‍ബണിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 14 ആയി ഇരട്ടിയാക്കും.

തന്ത്രപ്രധാന പങ്കാളിയായ വിര്‍ജിന്‍ ഓസ്ട്രേലിയയും ദോഹയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. സിഡ്നിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 14 ആയി ഇരട്ടിയാക്കും. ബ്രിസ്ബേനിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ മൂന്ന് തവണയായി പുന:രാരംഭിക്കും. പെര്‍ത്ത് സര്‍വീസുകളും ആഴ്ചയില്‍ നാല് ആയി പുനഃസ്ഥാപിക്കും.

യൂറോപ്പിലേക്കുള്ള കണക്റ്റിവിറ്റിയും വര്‍ധിപ്പിക്കും. ഒക്ടോബര്‍ 25 മുതല്‍ ലണ്ടന്‍ റൂട്ടുകളിലെ സീറ്റുകളുടെ ലഭ്യത 11 ശതമാനം വര്‍ധിപ്പിച്ച് ആഴ്ചയില്‍ 56 സര്‍വീസുകളാക്കും. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രതിദിന കോഡ്ഷെയര്‍ സര്‍വീസുകളും ഇതിന് പിന്തുണയാകും. ഡിസംബര്‍ 7 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 21 ആയി ഉയര്‍ത്തും. ഇതോടെ സീറ്റുകളുടെ ലഭ്യതയില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടാകും.

മിഡില്‍ ഈസ്റ്റില്‍ ശീതകാല സീസണില്‍ പ്രാദേശിക സര്‍വീസുകളുടെ ആവൃത്തി 10 ശതമാനം വര്‍ധിപ്പിക്കാനും ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ നാല് പുതിയ കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ പുന:രാരംഭിക്കും. അല്‍ ഖസീമിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 25നും തായിഫിലേക്കുള്ളത് ഒക്ടോബര്‍ 31നും യന്‍ബുവിലേക്കുള്ളത് 2027 ജനുവരി 2നും തബൂക്കിലേക്കുള്ളത് ജനുവരി 3നും ആരംഭിക്കും.

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം നടത്തുന്ന ഈ പുതിയ റൂട്ടുകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ ഖത്തര്‍ എയര്‍വേയ്സിന്റെ ശൃംഖല 12 കേന്ദ്രങ്ങളായി ഉയരും. ഇതോടെ സൗദിയിലേക്ക് ആഴ്ചയില്‍ 155-ലേറെ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുക.

Share This Article
Leave a Comment
error: Content is protected !!