കീഴ്മാട് കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി

Web Desk
3 Min Read

ആലുവ: സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമം പുകയിലരഹിതമായി പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് കരസ്ഥമാക്കിയാണ് കീഴ്മാട് ഗ്രാമം ഈ ബഹുമതിക്ക് അര്‍ഹമായത്.

city exchange

ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പുകയിലയുടെ ദൂഷ്യവശങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പുകിയില രഹിതഗ്രാമം എന്നാല്‍ ആരും പുകവലിക്കാത്തതും പുകയില ഉത്പന്നങ്ങള്‍ പൂര്‍ണമായും ലഭ്യമല്ലാത്തതുമായ ഗ്രാമം എന്ന് അര്‍ഥമില്ല.

വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, പൊതുസ്ഥലത്തെ പുകവലി ഇല്ലാതാക്കുക, പുകവലി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുക, കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ‘പുകയില രഹിതസ്ഥലം, ഇവിടെ പുകവലി ശിക്ഷാര്‍ഹം’ എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, നിയമങ്ങള്‍ ലംഘിക്കുന്നവരെ പരിശോധനകളിലൂടെ കണ്ടെത്തി പിഴകള്‍ ഈടാക്കുക എന്നിവ പുകയില രഹിത ഗ്രാമത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍പെടുന്നു.

പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 200 രൂപയാണ് പിഴ. 14,800 രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പുകയിലയ്ക്ക് എതിരെ ശക്തമായ ബോധവത്കരണം നടത്തി. ഹരിതകര്‍മ്മസേന മുഖാന്തരം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പുകയില രഹിത ഗ്രാമത്തിന്റെ നോട്ടീസുകളും അറിയിപ്പുകളും വിതരണം ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ബോധവത്ക്കരണ സന്ദേശങ്ങള്‍ സ്ഥാപിച്ചു. എല്ലാ സ്‌കൂളുകളും പുകയില രഹിത വിദ്യാലയങ്ങളാക്കി മാറ്റി. ബോധവല്‍ക്കരണ സെമിനാറുകളിലൂടെയും മത്സരങ്ങളിലൂടെയും പുകയിലക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിച്ചു.

- Advertisement -
Ad image

എക്‌സൈസുമായി സഹകരിച്ച് നടത്തിയ പരിശോധനകളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളും പുകയില രഹിത വാര്‍ഡുകളായി പ്രഖ്യാപിച്ചു. എല്ലാ ഗ്രാമസഭായോഗങ്ങളിലും പുകയില രഹിത ഗ്രാമം പ്രത്യേക അജണ്ടയായി ചേര്‍ത്ത് ചര്‍ച്ച നടത്തി.

സിനിമാതാരം സാജു കൊടിയനെ പുകയില രഹിത പദ്ധതിയുടെ പഞ്ചായത്തുതല അംബസഡറായി തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ഏകോപനത്തോടെയുളള പ്രവര്‍ത്തനമാണ് പുകയില രഹിതഗ്രാമം എന്ന പ്രഖ്യാപനത്തിന് കീഴ്മാടിനെ അര്‍ഹമാക്കിയത്. തുടര്‍ച്ചയായി രണ്ടുവട്ടം ടി ബി മുക്ത് അവാര്‍ഡും കീഴ്മാട് കരസ്ഥമാക്കിയിട്ടുണ്ട്.

കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന യോഗത്തില്‍ പുകയിലരഹിതഗ്രാമം പ്രഖ്യാപനം ബെന്നി ബഹനാന്‍ എം പി നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിര്‍ഷ ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുകയില രഹിതഗ്രാമം അംബാസിഡറും നടനുമായ സാജു കൊടിയന്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ലോഗോ ബെന്നി ബഹനാന്‍ എം പി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഹനീഷ് എം എം പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. സന്ധ്യ ആര്‍ പുകയില വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലിസി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ മുക്താര്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹിറ കെ ഇ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണി ക്രിസ്റ്റഫര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍ കെ ബി, സലാം ആയത്ത്, സാഹിദ അബ്ദുല്‍ സലാം, കേരള വളണ്ടറി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷഫീക്ക് പി എം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി കൃഷ്ണന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. നസീമ എച്ച്, കീഴ്മാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര സെല്‍വരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡണ്ട് മുജീബ് പി എ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷ റാണി എന്നിവര്‍ പ്രസംഗിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിനും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ് എം ഐയ്ക്കും ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാധാകൃഷ്ണന്‍ കെ ജി നല്‍കി.

Share This Article
Leave a Comment
error: Content is protected !!