
മനാമ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വന്‍ വര്‍ധന പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ ‘കെയര്‍ നഷ്ടപ്പെട്ട നോര്‍ക്കയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു.

പ്രതിഭ സല്‍മാനിയ സെന്ററില്‍ നടന്ന ചര്‍ച്ചാ സദസ്സില്‍ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു. പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷ് സ്വാഗതം ആശംസിച്ചു. സുബൈര്‍ കണ്ണൂര്‍ മോഡറേറ്ററായിരുന്നു. പി ശ്രീജിത്ത്, അനസ് റഹീം, മൊയ്തീന്‍കുട്ടി പുളിക്കല്‍, കെ ടി സലീം എന്നിവരടങ്ങിയ പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപേക്ഷിച്ച് നോര്‍ക്ക കെയറില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ച അപ്രതീക്ഷിതമായ പ്രീമിയം വര്‍ധന വലിയ തിരിച്ചടിയായിരിക്കുകയാണെന്നും കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്നും ഉയര്‍ന്ന പ്രീമിയം താങ്ങാനാകാതെ പദ്ധതിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ ജനകീയവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പ്രീമിയം വര്‍ധനയുടെ സാഹചര്യവും പദ്ധതിയുടെ ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പ്രവാസികളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതുക്കിയ പ്രീമിയം നിരക്കുകള്‍ കേരള സര്‍ക്കാരും നോര്‍ക്കയും അടിയന്തരമായി പുനഃപരിശോധിക്കണമെന്നും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപേക്ഷിച്ച് നോര്‍ക്ക കെയറില്‍ ചേര്‍ന്നവര്‍ക്ക് ആരോഗ്യപരിരക്ഷ മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചര്‍ച്ചാ സദസ്സ് ആവശ്യപ്പെട്ടു. പ്രവാസികളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്ന അനുകൂല തീരുമാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

