പെട്രോളിയം ഡീലര്‍മാരുടെ തൊഴില്‍ സുരക്ഷയും ഉപഭോക്തൃസൗഹൃദ സംവിധാനവും ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്

Web Desk
2 Min Read

കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ തൊഴില്‍ സുരക്ഷയും സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗഹൃദപരവും മികച്ചതുമായ സേവനം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഡീലര്‍ കണ്‍വെന്‍ഷനില്‍ ട്രേഡ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നിലവിലുള്ള ഡീലര്‍ഷിപ്പുകളുടെ വരുമാനത്തെ ബാധിക്കാത്തവിധത്തിലായിരിക്കണം പുതിയ സ്ഥാപനങ്ങള്‍ വിപണിയില്‍ പ്രവേശിക്കേണ്ടത്. ഇതിനായി ഡീലര്‍മാരുടെ പങ്കാളിത്തത്തോടെ വിശദമായ ചര്‍ച്ച നടത്തി ഉചിതമായ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

കേരളത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം വ്യാപാര- വ്യവസായ മേഖലകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കമ്പനികളുടെ നയമനുസരിച്ച് കൂടുതല്‍ ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട പ്രവേശനസൗകര്യങ്ങളും ഒരുക്കുമ്പോള്‍ നിലവിലുള്ള സ്ഥാപനങ്ങളുടെ വരുമാനത്തെയും പുതിയ സംരംഭങ്ങളുടെ നിലനില്‍പ്പിനെയും ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡീലര്‍മാരുടെ മാര്‍ജിനും തൊഴില്‍സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ മികച്ച സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് ലക്ഷ്യമിടേണ്ടത്.

വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന നിയമപരവും നയപരവുമായ മാറ്റങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഉപഭോക്തൃ ഫോറങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങളുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതുവരെ നിലവിലുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനാണ് കാലാവധി കഴിഞ്ഞ ചില ഉപഭോക്തൃ ഫോറുകള്‍ തുടരേണ്ടിവരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന റീസ്റ്റാമ്പിംഗ് പോലുള്ള കാര്യങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. വിവിധ സാങ്കേതിക ആവശ്യങ്ങളുടെ പേരില്‍ ഈടാക്കുന്ന ഫീസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന വിഷയങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖല, ബന്ധപ്പെട്ട ഏജന്‍സികള്‍, ഡീലര്‍ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് റൗണ്ട് ടേബിള്‍ യോഗം സംഘടിപ്പിക്കാനും നിര്‍ദേശങ്ങള്‍ പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

കേരളത്തെ കൂടുതല്‍ വ്യാപാര- നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കിവരികയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇതുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും വ്യാപാരമേഖലയുടെ വളര്‍ച്ചയ്ക്കും സഹായകമാകുന്ന ക്രിയാത്മകമായ നയപരമായ മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.

ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. കണ്‍സോഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് റീട്ടയില്‍ ഹെഡ് ഗൗരവ് കുന്ദ്ര, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് വി ആര്‍ ഹരികൃഷ്ണന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് സി ജി എമ്മും സ്റ്റേറ്റ് ഹെഡുമായ സതീഷ് കുമാര്‍ കെ പി, ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി ശ്രീരാജ് എ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ കെ, അ്ബ്ദുല്‍ റഹ്മാന്‍ വി എസ്, സംഘാടക സമിതി കണ്‍വീനര്‍ കെ എസ് കോമു എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!