സംസ്ഥാനത്തേക്കുള്ള ഡീസല്‍ കള്ളക്കടത്ത് തടയും: മുഖ്യമന്ത്രി

Web Desk
2 Min Read

കൊച്ചി: സംസ്ഥാനത്തേക്ക് വലിയ തോതില്‍ ഡീസല്‍ കള്ളക്കടത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. നികുതി കുറച്ചാല്‍ ഉപഭോഗം വര്‍ധിക്കുമെങ്കില്‍ ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ കെ എഫ് പി ടി) സംഘടിപ്പിച്ച ഇഗ്‌നൈറ്റ് കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിക്കുന്നു മുഖ്യമന്ത്രി.

city exchange

ഇന്ധന സെസ് വര്‍ധിപ്പിക്കരുതെന്ന് കഴിഞ്ഞ സര്‍ക്കാരിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അവര്‍ കേട്ടില്ല. അതിന്റെ ഫലമായി ഇന്ധന ഉപഭോഗം കുറയുകയും കോടികളുടെ വരുമാനം നഷ്ടമാകുകയും ചെയ്തു. സംരംഭകരും വ്യവസായികളും സര്‍ക്കാരിന്റെ ശത്രുക്കളല്ല. നികുതിദായകരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. വ്യവസായവും സംരംഭവും പ്രോത്സാഹിപ്പിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കും.

നടപടിക്രമങ്ങള്‍ ലളിതമാക്കി ട്രേഡ് ലൈസന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഇടപെടല്‍ നടത്തും. ഡീലര്‍ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര പെട്രോളിയം ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഡീലര്‍മാരുടെ കമ്മീഷന്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രാലയത്തോടും എണ്ണക്കമ്പനികളോടും സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയില്‍, 24 മണിക്കൂറും സേവനം നല്‍കുന്ന പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ നല്‍കുന്നതിനായി പ്രത്യേക പമ്പ് സംരക്ഷണ നിയമം നടപ്പാക്കണമെന്നും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന അധിക സെസുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image

സംഘടനയുടെ അവകാശപത്രിക ടോമി തോമസും ജനറല്‍ സെക്രട്ടറി വൈ അഷ്‌റഫും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ, മേയര്‍ വി കെ മിനിമോള്‍, കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് പ്രസിഡന്റ് ഉദയ് ലോധ്, തമിഴ്‌നാട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ പി മുരളി എന്നിവര്‍ പ്രസംഗിച്ചു. എകെഎഫ്പിടി ജനറല്‍ സെക്രട്ടറി വൈ അഷ്റഫ് സ്വാഗതവും ട്രഷറര്‍ മൂസ ബി ചെര്‍ക്കള നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!