സൂഫി സംഗീതത്തിന്റെ അവിസ്മരണീയ രാവൊരുക്കി ഖത്തര്‍ മ്യൂസിക്കല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്

Web Desk
2 Min Read

ദോഹ: ജീവിതവും മരണവും പ്രണയവും വിരഹവും ത്യാഗവും ആത്മീയതയും… മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഹൃദയസ്പര്‍ശിയായി ഇറങ്ങിച്ചെല്ലുന്ന സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകം തുറന്നിട്ട് പ്രശസ്ത സൂഫി ഗായകന്‍ ഉസ്താദ് ജാബിര്‍ സുലൈം പാടുകയും പറയുകയും ചെയ്തപ്പോള്‍ ദോഹയിലെ ഇന്‍സ്പെയര്‍ ഹാളിലെ നിറഞ്ഞ സദസ്സ് അപൂര്‍വമായൊരു അനുഭൂതിയുടെ നിറവിലായി. സംഗീതവും ഭക്തിയും ചിന്തയും ഇഴചേര്‍ന്ന ആ രാവില്‍ ഓരോ ഗാനവും ഓരോ വാക്കും ആസ്വാദകരുടെ ഹൃദയത്തില്‍ പുതിയൊരു അനുഭവമായി പെയ്തിറങ്ങി.

city exchange

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംഗീതത്തിന്റെ പൊതുവേദിയില്‍ ഒന്നിപ്പിക്കുക എന്ന വേറിട്ട ആശയത്തിന് സാക്ഷാത്കാരം നല്‍കിയ ഖത്തര്‍ മ്യൂസിക്കല്‍ ആന്റ് കച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാസ് ഒരവങ്കര, റൗഫ് മലയില്‍ ബഷീര്‍, ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ക്ലബ് സംഘടിപ്പിച്ച ഈ സംഗീതവിരുന്ന് ദോഹയുടെ സാംസ്‌കാരിക കലണ്ടറില്‍ വേറിട്ടൊരു അടയാളമായി മാറി. വിവിധ സംഗീതശൈലികള്‍ക്കും ആസ്വാദനാനുഭവങ്ങള്‍ക്കും വേദിയായിട്ടുള്ള ദോഹയ്ക്ക് സൂഫി സംഗീതത്തിന്റെ ആത്മീയ സൗന്ദര്യം നിറഞ്ഞ പുതുമയാര്‍ന്നൊരു രാവാണ് ഇതിലൂടെ ലഭിച്ചത്.

ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന പലതും ഒരുനാള്‍ അന്യമാകാമെന്ന ജീവിതയാഥാര്‍ഥ്യവും മരണത്തിന്റെ അനിവാര്യതയും ഓര്‍മിപ്പിച്ചുകൊണ്ട് ജാബിര്‍ സുലൈമിന്റെ ആലാപനവും വാക്കുകളും സദസ്സിനെ ആഴത്തിലുള്ള ചിന്തകളിലേക്ക് നയിച്ചു. അക്ഷരങ്ങളിലും വാക്കുകളിലും നിശ്ശബ്ദതയില്‍പ്പോലും സംഗീതവും സൗന്ദര്യവും ഒളിഞ്ഞിരിപ്പുണ്ടെന്ന് അനുഭവിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണം.

കേവലം പാട്ടുകള്‍ ആസ്വദിക്കുന്നതിനപ്പുറം ആത്മാവിനോട് സംവദിക്കുന്ന അനുഭവമായി സൂഫി സംഗീതം മാറി. സമയം പാതിരാവിലേക്ക് കടന്നിട്ടും ജാബിര്‍ സുലൈമിന്റെ വരികളിലും ചിന്തകളിലും സംഗീതത്തിലും ലയിച്ച് സദസ്സ് ആ ഹാളില്‍ത്തന്നെ തുടര്‍ന്നു.

- Advertisement -
Ad image

‘ഷാമേ എ മെഹ്ഫില്‍’ രണ്ടാം സീസണാണ് സംഗീതത്തിന്റെ അനിര്‍വചനീയമായ തലങ്ങളിലൂടെ ആത്മീയതയുടെ നിര്‍വൃതിയിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയത്. ഉസ്താദ് ജാബിര്‍ സുലൈമിന്റെ മുഖ്യ സംഗീതാവതരണത്തിന് മുന്നോടിയായി സയ്യിദ് മഷൂദ് തങ്ങളും സിതാര ഷാഫിയും മറ്റു ഗായകരും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്നും ശ്രദ്ധേയമായി. വ്യത്യസ്ത ആലാപനശൈലികളും സംഗീതാനുഭവങ്ങളും കോര്‍ത്തിണക്കിയ അവരുടെ അവതരണങ്ങള്‍ സദസ്സിന്റെ ഹൃദയം കവര്‍ന്നു.

വിനോദത്തിനപ്പുറം മനുഷ്യനെ തന്നിലേക്കും ജീവിതത്തിന്റെ അര്‍ഥങ്ങളിലേക്കും തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്നതാകുമ്പോഴാണ് സംഗീതം അതിന്റെ പൂര്‍ണതയിലെത്തുന്നത്. അത്തരമൊരു ആത്മീയാനുഭവം സമ്മാനിച്ച ‘ഷാമേ എ മെഹ്ഫില്‍’ ദോഹയിലെ സംഗീതാസ്വാദകരുടെ മനസ്സില്‍ ഏറെക്കാലം മായാതെ നില്‍ക്കുന്ന അവിസ്മരണീയ രാവായി മാറി. എപ്പോഴെങ്കിലും ആസ്വദിക്കുന്ന ഒന്നായി സംഗീതത്തെ പരിമിതപ്പെടുത്താതെ ജീവിതം തന്നെ സംഗീതാത്മകമാക്കണമെന്ന ജാബിര്‍ സുലൈമിന്റെ വാക്കുകള്‍ സംഗീതാസ്വാദനത്തിന്റെ പുതിയ കാഴ്ചപ്പാടും ഭാവനയുമാണ് അവതരിപ്പരിച്ചത്.
ഷഫീര്‍ വാടാനപ്പള്ളിയുടെ അതിമനോഹരമായ അവതരണവും പരിപാടിയെ സവിശേഷമാക്കി.

Share This Article
Leave a Comment
error: Content is protected !!