
അങ്കമാലി: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യ പ്രവണതകളും ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളും വിദ്യാഭ്യാസ സമൂഹത്തിലും പൊതുസമൂഹത്തിലും ആശങ്കയുണ്ടാക്കുന്നതായി കെ എ ടി എഫ് സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ധീഖ് പറഞ്ഞു. അറിവും അച്ചടക്കവും മൂല്യബോധവും കൈമുതലാക്കി വളരേണ്ട വിദ്യാര്‍ഥി സമൂഹത്തിലെ ഒരു വിഭാഗം കുറ്റകൃത്യങ്ങളിലേക്കും നിയമനടപടികളിലേക്കും എത്തിപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെ എ ടി എഫ്) അങ്കമാലി ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, അക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, അധ്യാപകരോടും സഹപാഠികളോടുമുള്ള മോശം പെരുമാറ്റം തുടങ്ങിയവ പലപ്പോഴും നിയമവ്യവഹാരങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ മാത്രമല്ല, കുടുംബങ്ങളെയും അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ അധികാരികള്‍, സാമൂഹിക സംഘടനകള്‍, നിയമസംവിധാനങ്ങള്‍ എന്നിവര്‍ ഏകോപിതമായി ഇടപെടണമെന്നും വിദ്യാലയങ്ങളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് വനിതാ വിങ് സംസ്ഥാന സമിതി അംഗം വി കെ ലൈല, ജില്ലാ ട്രഷറര്‍ ഷമീര്‍ പുതുപ്പാടി, മുര്‍ഷിദ് എളയൂര്‍, റജീന കോലഞ്ചേരി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി ആര് നജീയ (പ്രസിഡന്റ്), പി എം ഷംല (ജനറല്‍ സെക്രട്ടറി), കെ എ ഫാത്തിമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

