
കൊച്ചി: ജീവിത ശൈലി രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തടയാന്‍ ലേക്ഷോര് ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് കഴിയുമെന്ന് ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ മുരളീധരന്. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവര്‍ തുടങ്ങിയ മെറ്റാബോളിക് രോഗങ്ങളുടെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സമന്വയിപ്പിച്ച് വി പി എസ് ലേക്ഷോര് ആശുപത്രി ആരംഭിച്ച ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാംക്രമികേതര രോഗങ്ങളുടെ വലിയ വെല്ലുവിളിയാണ് നാട് നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിന് കൂടി പ്രാധാന്യം നല്കുന്ന നയമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ ചികിത്സാരംഗത്ത് നൂതന സൗകര്യങ്ങള്‍ ഒരുക്കണം. നിരവധിയാളുകള്‍ക്ക് ഈ സെന്റര്‍ വലിയ സഹായകമാകും. സ്വകാര്യ മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ ഉണ്ടാകുന്നത് തീര്‍ച്ചയായും സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് കരുത്തേകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സമാനമായ ആരോഗ്യപദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര താരം നിഖില വിമല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ജീവിത ശൈലി രോഗങ്ങള്‍ക്ക് വ്യത്യസ്ത സ്പെഷ്യലൈസേഷനുകളുടെ ചികിത്സ ഒരു കുടക്കീഴില് ലഭിക്കുന്നുവെന്നത് മികച്ച തുടക്കമാണെന്ന് നിഖില വിമല്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സമീപത്തേക്ക് പോകുന്നതിന് പകരം സമഗ്ര ചികിത്സ ഒരിടത്ത് ലഭ്യമാക്കുന്ന രീതി രോഗികള്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കും. അതിനാല്‍ തന്നെ ഇത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇളവുകളോടെയാണ് ചികിത്സ ലഭ്യമാക്കുന്നത് എന്നത് സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ സഹായകമാകുമെന്നും നിഖില വിമല്‍ വ്യക്തമാക്കി.
വി പി എസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചികിത്സ ഒരു കുടക്കീഴില് ലഭ്യമാക്കുകയെന്ന മഹത്തായ ആശയമാണ് ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നൂതന ചികിത്സ യാഥാര്‍ഥ്യമാക്കി ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈതാങ്ങാകുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോയ് ജെ മുക്കട പദ്ധതി വിശദീകരിച്ചു. മെറ്റബോളിക് ആരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി സംയോജിത ചികിത്സ ഉറപ്പാക്കുകയാണ് സെന്ററിന്റെ ലഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സങ്കീര്‍ണതകള്‍ വരാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ എം എല്‍ എ ദീപക് ജോയ് മുഖ്യാതിഥിയായിരുന്നു. വി പി എസ് ലേക്ഷോര് മെഡിക്കല്‍ സര്‍വിസസ് ചീഫ് ഡോ. മറിയ വര്‍ഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം, എന്‍ഡോക്രൈനോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിവേക് മാത്യു, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സ്മിത ജോയ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സിബി ഐസക്, ചീഫ് ഡയറ്റീഷ്യന് ഡോ. മഞ്ജു പി ജോര്‍ജ്, ഫിസിയോതെറാപ്പി വിഭാഗം മാനേജര്‍ പി വി മനു എന്നിവര്‍ പങ്കെടുത്തു. വി പി എസ് ലേക്ഷോര് ഗ്രൂപ്പ് സി ഒ ഒ ലക്ഷ്മണ് സേതുരാമന് സ്വാഗതവും സി ഇ ഒ ജയേഷ് വി നായര്‍ നന്ദിയും പറഞ്ഞു.
എന്‍ഡോക്രൈനോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂട്രീഷന്‍, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെയാണ് ഏകോപിത ചികിത്സാ സംവിധാനത്തിനായി ഈ സെന്ററില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. ഓരോ രോഗത്തെയും വെവ്വേറെ ചികിത്സിക്കുന്നതിന് പകരം, രോഗിയുടെ ആകെയുള്ള മെറ്റാബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകള്‍ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയ്യാറാക്കുകയുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
സെന്ററിലെത്തുന്ന ഓരോ രോഗിയെയും രക്തത്തിന്റേയും യൂറിന്റേയും പരിശോധനകള്‍ അടങ്ങുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് മെറ്റബോളിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവര്‍, ഹൃദയ- വൃക്ക രോഗങ്ങള്‍, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പേശീക്ഷയം, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്തുന്നതിനാണിത്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ വിഭാഗങ്ങളില്‍ കണ്സള്ട്ടേഷന് നടത്തുന്നതിന് പകരം രോഗികളെ ആവശ്യമായ വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് മാത്രമായി റഫര്‍ ചെയ്യുന്നതാണ് രീതി.
ആശുപത്രിയുടെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്സ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ള പ്രത്യേക മെറ്റബോളിക് ഡാഷ്ബോര്‍ഡ് സെന്ററിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. കളര്‍ കോഡിംഗ് സംവിധാനത്തിലൂടെയാണ് ഇവിടെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പരിശോധന ഫലം സാധാരണ നിലയിലാണെങ്കില്‍ പച്ച, അപകടസാധ്യതയുള്ള നിലയിലാണെങ്കില്‍ മഞ്ഞ, ഉയര്‍ന്ന അപകടസാധ്യതയാണെങ്കില് ഓറഞ്ച്, രോഗം സ്ഥിരീകരിച്ച സാഹചര്യമാണെങ്കില്‍ ചുവപ്പ് എന്നിങ്ങനെയാണ് നിറങ്ങള്‍. ശരീരഭാരം, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, കരളിന്റെ ആരോഗ്യ സൂചകങ്ങള്‍ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലക്രമേണ നിരീക്ഷിക്കാനും ഈ ഡാഷ്ബോര്‍ഡ് ഡോക്ടര്‍മാരെ സഹായിക്കുന്നു.
ബയോപ്സി കൂടാതെ തന്നെ കരളിന്റെ കാഠിന്യവും കൊഴുപ്പിന്റെ അളവും മനസിലാക്കുന്നതിന് ഫൈബ്രോസ്കാന്‍ സാങ്കേതികവിദ്യയും സെന്ററില്‍ ഉപയോഗിക്കുന്നുണ്ട്. ഫാറ്റി ലിവര്‍ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് സഹായകമാകും. തുടര്‍ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മുന്‍ഗണനാടിസ്ഥാനത്തിലുള്ള സേവനവും ദീര്‍ഘകാല തുടര്‍പരിശോധനകളും ലഭിക്കും. ഫോളോഅപ്പ് കോഓര്‍ഡിനേറ്റര്‍ രോഗികളെ ബന്ധപ്പെട്ട് തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന മെറ്റാബോളിക് ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐസിഎംആര്‍- ഐഎന്ഡിഐഎബി ദേശീയ പഠനമനുസരിച്ച് കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ 25.5 ശതമാനം പേര്‍ക്ക് പ്രമേഹവും 18.3 ശതമാനം ആളുകളില്‍ പ്രീ-ഡയബറ്റിസും (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ഉണ്ട്. ഈ അവസ്ഥകള്‍ അമിതവണ്ണം, ഫാറ്റി ലിവര്‍, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗം നേരത്തെ കണ്ടെത്തി ഏകോപിതമായ ചികിത്സ നല്‍കുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്.
‘ഒരു പരിശോധന, ഒരു രോഗ സാധ്യത വിലയിരുത്തല്‍, ഒരു ഏകോപിത ചികിത്സാ പദ്ധതി’ എന്നതിലൂടെ മെറ്റാബോളിക് ആരോഗ്യത്തിന് കൃത്യമായ ഒരു ചികിത്സ നല്‍കാനാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് വി പി എസ്. ലേക്ഷോര് ആശുപത്രി വ്യക്തമാക്കുന്നു. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

