
നേപ്പിള്‍സ്: പ്രാദേശിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണവും നയതന്ത്ര ഇടപെടലുകളും കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി. സൈനിക നടപടികളല്ല, നയതന്ത്രവും ചര്‍ച്ചകളുമാണ് പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിലെ നേപ്പിള്‍സില്‍ നടന്ന മെഡിറ്ററേനിയന്‍ ഡയലോഗ്സ് ഫോറം 2026ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ പ്രാദേശിക സുരക്ഷയുടെ ഭാവി, തന്ത്രപ്രധാനമായ സമുദ്രപാതകളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ നടന്ന രണ്ട് പാനല്‍ ചര്‍ച്ചകളിലും അല്‍ അന്‍സാരി പങ്കെടുത്തു.

‘സുരക്ഷയുടെ പുനര്‍നിര്‍വചനം: ഗള്‍ഫിലെ പ്രാദേശിക സുരക്ഷാ സംവിധാനത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്ക്കുന്ന പ്രത്യാഘാതങ്ങളല്ല സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമാകെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഊര്‍ജസുരക്ഷയെയും വിതരണ ശൃംഖലകളെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ക്രമത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ രാജ്യങ്ങള്‍ക്ക് ഇനി നിഷ്ക്രിയരായി നോക്കിനില്‍ക്കാനാവില്ല. പ്രതിസന്ധികള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. മധ്യസ്ഥത, സംഘര്‍ഷപരിഹാരം, പ്രതിരോധ- സുരക്ഷാ കരാറുകള്‍ തുടങ്ങിയ മേഖലകളിലെ കൂട്ടായ ശേഷി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തിന്റെ പ്രയോജനം അനുഭവിക്കുന്ന രാജ്യങ്ങള്‍ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് സാഹചര്യമൊരുക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അല്‍ അന്‍സാരി പറഞ്ഞു.
ഓക്സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ താനി അവതരിപ്പിച്ച ‘തഴച്ചുവളരുന്ന രാഷ്ട്രങ്ങള്‍’ എന്ന ആശയവും അദ്ദേഹം വിശദീകരിച്ചു. പ്രതിരോധശേഷിയും സമൃദ്ധിയും അന്താരാഷ്ട്ര സമൂഹത്തില്‍ വിശ്വാസ്യതയുമുള്ള രാജ്യങ്ങളെയാണ് ഈ ആശയം സൂചിപ്പിക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക ശേഷിയുടെ ഒരു ഭാഗം ലോകമെമ്പാടുമുള്ള മധ്യസ്ഥതാ പ്രവര്‍ത്തനങ്ങള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും വിനിയോഗിക്കുന്നു. നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവും നിലനില്‍ക്കുമ്പോഴാണ് രാജ്യങ്ങളുടെ സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാനാവുകയെന്ന തിരിച്ചറിവാണ് ഈ സമീപനത്തിന് അടിസ്ഥാനം.
ഖത്തര്‍ വിവിധ സംരംഭങ്ങളിലൂടെയും നയതന്ത്ര പ്രവര്‍ത്തനങ്ങളിലൂടെയും പിന്തുടരുന്നത് ഈ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭൂമിശാസ്ത്രത്തിന്റെ തിരിച്ചടി: തന്ത്രപ്രധാന സമുദ്രപാതകളുടെ സുരക്ഷയും സമുദ്രസുരക്ഷയുടെ പുനര്‍വിചിന്തനവും’ എന്ന വിഷയത്തില്‍ നടന്ന മറ്റൊരു ചര്‍ച്ചയില്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയ്ക്കപ്പുറത്തേക്കും വ്യാപിച്ചതായി അല്‍ അന്‍സാരി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതത്തെയും സമ്പദ്വ്യവസ്ഥകളെയും ഇത് ബാധിച്ചിട്ടുണ്ട്. മേഖല നേരിടുന്നത് കേവലം പ്രാദേശിക പ്രതിസന്ധിയല്ല, കൂട്ടായ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമായ ആഗോള പ്രതിസന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനവും രാഷ്ട്രങ്ങളുടെ പരമാധികാരമെന്ന തത്വത്തിന്റെ തകര്‍ച്ചയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം സംരക്ഷിക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, നയതന്ത്ര ഇടപെടലുകളില്‍ നിക്ഷേപം നടത്തുക, ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടുക എന്നിവ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ക്ക് സൈനിക പരിഹാരങ്ങള്‍ ഫലപ്രദമായ മാര്‍ഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് സംസാരിച്ച അല്‍ അന്‍സാരി, നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഇടപെടലുകളാണ് മുന്നോട്ടുപോകാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും സംഘര്‍ഷസാധ്യത കുറയ്ക്കാനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും വിവിധ രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

