
ദോഹ: അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെ അനധികൃത ഇസ്രയേല്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബ്രിട്ടനും ഓസ്ട്രേലിയയും ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളെ ഖത്തര്‍ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കെതിരായ നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഖത്തര്‍, അല്‍ജീരിയ, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, കുവൈത്ത്, ലിബിയ, മാലദ്വീപ്, നൈജര്‍, ഒമാന്‍, പാകിസ്ഥാന്, ഫലസ്തീന്, സൗദി അറേബ്യ, സൊമാലിയ, തുര്‍ക്കി, യു എ ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്ന സംഘടനയ്ക്കെതിരെ ബ്രിട്ടന് ഉപരോധം ഏര്‍പ്പെടുത്തിയ തീരുമാനത്തെയും മന്ത്രിമാര്‍ സ്വാഗതം ചെയ്തു.
അധിനിവേശ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉചിതമായ അന്താരാഷ്ട്ര നടപടികളിലൂടെയും ഉപരോധങ്ങളിലൂടെയും ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും മന്ത്രിമാര്‍ പിന്തുണ പ്രഖ്യാപിച്ചു. കിഴക്കന്‍ ജറുസലേമിനടുത്തുള്ള ഇ1 കുടിയേറ്റ പദ്ധതി ഉള്‍പ്പെടെയുള്ള കുടിയേറ്റ വ്യാപനത്തിനും കൂട്ടിച്ചേര്‍ക്കല്‍ നയങ്ങള്‍ക്കും സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അധിനിവേശ ഫലസ്തീന് പ്രദേശങ്ങളില്‍ ഇസ്രയേല്‍ തുടരുന്ന കുടിയേറ്റ നയങ്ങളെ മന്ത്രിമാര്‍ ശക്തമായി അപലപിച്ചു. അധിനിവേശ കിഴക്കന്‍ ജറുസലേമിന് കിഴക്കുള്ള ഇ1 കുടിയേറ്റ പദ്ധതിയും അനുബന്ധ പ്രവര്‍ത്തനങ്ങളും പ്രത്യേകമായി ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും നടപടി അന്താരാഷ്ട്ര സമൂഹത്തിലെ കൂടുതല്‍ രാജ്യങ്ങളെ സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങള്‍ക്കും അനുസൃതമാണ് ഈ നടപടികളെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. 2016-ലെ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി പ്രമേയം 2334, 2024 ജൂലൈ 19-ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക വിധി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശത്തിലൂടെ സൃഷ്ടിക്കപ്പെട്ട സാഹചര്യം നിയമപരമായി അംഗീകരിക്കാതിരിക്കാനും അത് നിലനിര്‍ത്താന്‍ സഹായമോ പിന്തുണയോ നല്കാതിരിക്കാനും എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.
കുടിയേറ്റ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ സ്വഭാവം മാറ്റാന്‍ ലക്ഷ്യമിട്ട മറ്റ് നടപടികളും ഇസ്രയേല്‍ പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കുന്നതിനെ മന്ത്രിമാര്‍ അപലപിച്ചു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമഗ്ര പദ്ധതി പൂര്‍ണമായും അടിയന്തരമായും നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുക, പുനര്‍നിര്‍മാണവും പുനരധിവാസവും സാധ്യമാക്കുക, ശാശ്വത സമാധാനത്തിന് അടിത്തറയൊരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാസ അധിനിവേശ ഫലസ്തീന് പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.
നീതിയുക്തവും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഏക പ്രായോഗിക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. 1967 ജൂണ്‍ 4-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി, സ്വതന്ത്രവും പരമാധികാരമുള്ളതും ഭൂമിശാസ്ത്രപരമായി തുടര്ച്ചയുള്ളതും നിലനില്‍പ്പിന് ആവശ്യമായ സാഹചര്യമുള്ളതുമായ ഫലസ്തീന് രാഷ്ട്രം യാഥാര്‍ഥ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങള്‍ക്കും അനുസൃതമായിരിക്കണം ഈ പരിഹാരമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

