
ദോഹ: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന ചേറ്റുവ- ചാവക്കാട് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഖത്തര്‍ തൃശൂര്‍ ജില്ല ഇന്‍കാസ് വൈസ് പ്രസിഡന്റ് ഹനീഫ് ചാവക്കാട് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നല്‍കി.

വിഷയത്തില്‍ അടിയന്തരമായി ഇടപെടാമെന്നും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഹനീഫ് ചാവക്കാട് അറിയിച്ചു.

ഓരോ മീറ്ററിലും ചെറുവാഹനങ്ങളുടെ അടിത്തറ പോലും ഇളകിപ്പോകുന്ന തരത്തിലുള്ള വലിയ ഗര്‍ത്തങ്ങളാണ് ഈ പാതയിലുള്ളത്. മഴക്കാലമെത്തുന്നതോടെ വെള്ളം നിറഞ്ഞ് റോഡേത്, കുഴിയേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോറിക്ഷക്കാരും സര്‍ക്കസ് അഭ്യാസികളെപ്പോലെ വാഹനങ്ങള്‍ വെട്ടിച്ചു മാറ്റിയാണ് അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. നേരിയ അശ്രദ്ധ പോലും വലിയ ജീവഹാനിക്ക് കാരണമായേക്കാവുന്ന സ്ഥിതിയാണുള്ളത്.
കോടികള്‍ ചെലവഴിച്ച് ടാറിംഗ് നടത്താറുണ്ടെങ്കിലും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവം കാരണം മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് വീണ്ടും പഴയപടിയാകുന്നതാണ് പതിവ്. ആയിരക്കണക്കിന് സാധാരണക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന ഈ പാതയുടെ തകര്‍ച്ച പ്രദേശവാസികളുടെയും പ്രവാസികളുടെയും ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സി എച്ച് റഷീദും നേരത്തെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും മന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹനീഫ് ചാവക്കാട് വ്യക്തമാക്കി.

