
കൊച്ചി: എസ്പാനിയോ ഇവന്റ്സ് ടൂത്ത്കെയര് മിസിസ് കേരള 2026-ന്റെ എട്ടാം പതിപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 28-ന് കളമശ്ശേരിയിലെ എസ് ഡി സ്കേപ്സില്‍ നടക്കും. കേരളത്തിലെയും കേരളത്തില്‍ വേരുകളുള്ളവരുമായ വിവാഹിതരായ വനിതകള്‍ക്കായി, തൊഴില്‍ ഭേദമില്ലാതെ, പ്രത്യേകം ഒരുക്കിയ സൗന്ദര്യ മത്സരമാണ് മിസിസ് കേരള.

കിരീടത്തിലേക്കുള്ള യാത്രയില്‍ മത്സരാര്‍ത്ഥികളുടെ കഴിവും ബുദ്ധിയും ആത്മവിശ്വാസവും വിലയിരുത്തുന്ന ബൗദ്ധിക, സൗന്ദര്യ, ഫാഷന്‍ റൗണ്ടുകള്‍ ഉണ്ടാകും.

വിവിധ സ്ഥലങ്ങളില്‍ നടന്ന ഓഡിഷനുകളിലൂടെ 3000-ലധികം അപേക്ഷകരില്‍ നിന്ന് 45 ഫൈനലിസ്റ്റുകളെയാണ് തിരഞ്ഞെടുത്തത്. ഫിനാലെയ്ക്ക് മുന്നോടിയായി നവംബര്‍ 26, 27 തീയതികളില്‍ കൊച്ചിയിലെ വേദാന്തയില്‍ മത്സരാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ ഗ്രൂമിങ് പരിപാടിയും പ്രാഥമിക റൗണ്ടുകളും നടന്നു.
ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്ന് റൗണ്ടുകളാണ് ഉണ്ടാവുക. പരമ്പരാഗത നെയ്ത്തുകാര്‍ക്കുള്ള പിന്തുണയാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇന്‍ട്രൊഡക്ഷന്‍ റൗണ്ടില്‍ എല്ലാ മത്സരാര്‍ത്ഥികളും കൈത്തറി സാരിയണിഞ്ഞാണ് എത്തുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മിസിസ് കേരള വലിയ പ്രാധാന്യം നല്കുന്നു. ഈ യാത്രയുടെ ഭാഗമായി എല്ലാ മത്സരാര്‍ത്ഥികളും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
സിനിമ, ഫാഷന്‍, പരസ്യം എന്നീ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങുന്നതാണ് വിധികര്‍ത്താക്കളുടെ പാനല്‍. മനോഹരമായ കലാപരിപാടികള്‍ ചടങ്ങിന് കൂടുതല്‍ മാറ്റേകും.
ഷോബിസ് രംഗത്തെ മുന്‍നിര സ്ഥാപനമായ എസ്പാനിയോ ഇവന്റ്സ്, മാര്‍ക്കറ്റിങ് പാര്‍ട്ണറായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. എസ്പാനിയോ ഇവന്റ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഷോ ഡയറക്ടറുമായ അന്‍വര്‍ എ ടി, മിസിസ് കേരള ബ്രാന്‍ഡ് അംബാസഡറും 2017 ടൈറ്റില്‍ വിന്നറുമായ സജിനാസ് സലീം, പ്രശസ്ത ഫാഷന്‍ കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ് എന്നിവരാണ് മിസിസ് കേരള 2026-ന് നേതൃത്വം നല്‍കുന്നത്.

