
ലഖ്നോ:പുലര്‍ച്ചെയുള്ള ബാങ്ക് വിളിക്കെതിരെ വിമര്‍ശനവുമായി മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍. പുലര്‍ച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ജനങ്ങളുടെ ഉറക്കവും സന്ന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രഗ്യാസിങ്ങിന്റെ പരാതി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുകയാണ്. രോഗികളുടെ രക്തസമ്മര്‍ദം ഉയരുന്നു, നിരവധി പ്രശ്നങ്ങളാണ് ഇവര്ക്കുണ്ടാവുന്നതെന്നും പ്രഗ്യാസിങ് പറഞ്ഞു. പുലര്‍ച്ചെ മൈക്കിലൂടെയുള്ള ശബ്ദം ഹൈന്ദവ സന്ന്യാസിമാരുടെ സാധനയെ തടസ്സപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. പുലര്‍ച്ചെ നാലുമണിക്കാണ് സന്ന്യാസിമാര്‍ സാധന ആരംഭിക്കുന്നത്. അത് ബ്രഹ്മ മുഹൂര്‍ത്തമാണ്. ഞങ്ങളുടെ ആദ്യ ആരതിക്കുള്ള സമയവും അതാണ്. എന്നാല്‍ അതിനെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. പ്രഗ്യാസിങ്ങിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. പൂജയെക്കുറിച്ചും ബാങ്കിനെക്കുറിച്ചും തര്‍ക്കിക്കേണ്ട സമയമല്ലിത്. ഭോപാല്‍ എം.പിയെന്ന നിലയില്‍ ഹമീദിയ ആശുപത്രിയില്‍ മരിച്ച നവജാത ശിശുക്കളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ പ്രഗ്യാസിങ് സമയം കണ്ടെത്തണമെന്നും നരേന്ദ്ര സലൂജ പറഞ്ഞു.


