ലീഗിനെ കൊട്ടി സമസ്തയെ തട്ടി കാസിം ഇരിക്കൂറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Web Desk
8 Min Read

വഖഫുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗും സമസ്തയും രണ്ട് ദിശകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും ഐ എന്‍ എല്‍ നേതാവും പത്രപ്രവര്‍ത്തകനുമായ കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഒരേസമയം ലീഗിനേയും മുജാഹിദിനേയും കടന്നാക്രമിക്കുന്ന കാസിം ഇരിക്കൂര്‍ സമസ്ത ഇ കെ വിഭാഗത്തിലെ ഒരു ചെറുവിഭാഗത്തെയെങ്കിലും തങ്ങളിലേക്ക് അടര്‍ത്തിയെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സുന്നികളിലെ കാന്തപുരം വിഭാഗം ഇടതുപക്ഷത്തോട് കാണിക്കുന്ന അടുപ്പത്തോടൊപ്പം ഇ കെ വിഭാഗത്തിലെ ഒരു കൂട്ടത്തെ തങ്ങളോടൊപ്പം ചേര്‍ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. മുസ്‌ലിം ലീഗിന് നല്കാവുന്ന ഏറ്റവും കനത്ത പ്രഹരം തന്റെ വാക്കുകളില്‍ ചേര്‍ത്തുവെക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

city exchange

ആത്മീയ വടി കൊണ്ട് ജിഫ്രി തങ്ങള്‍ കാണിച്ച രാഷ്ട്രീയ ഇന്ദ്രജാലം

ജിഫ്രി തങ്ങന്മാര്‍ 18-ാം നൂറ്റാണ്ട് മുതല്‍ കേരളീയ മുസ്‌ലിംകള്‍ക്ക് ആത്മീയതയുടെ തണല്‍ വിരച്ച മഹത്തുക്കളാണ്. ബ്രിട്ടീഷ് കോളനി ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വീര പാരമ്പര്യം യമനില്‍നിന്നെത്തിയ ഈ ‘അഹ്‌ലുബൈത്തി’നുണ്ട്. മലപ്പുറം മമ്പറം കേന്ദ്രീകരിച്ച് മതവും രാഷ്ട്രീയവും കൈയാളിയ ഹസ്സന്‍ കോയ ജിഫ്രി തങ്ങളുടെയും സയ്യിദ് ശൈഖ് ജിഫ്രി തങ്ങളുടെയും മറ്റും കര്‍മസരണി പിന്തുടര്‍ന്ന്, നമ്മുടെ കാലഘട്ടത്തെ ചൈതന്യവത്താക്കാന്‍ നിയോഗിക്കപ്പെട്ട ശൈഖ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈ പരമ്പരയിലെ ശക്തമായ ഒരു കണ്ണിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണ്. തെളിഞ്ഞ ആത്മീയബോധമാണ് അദ്ദേഹത്തിന്റെ കരുത്ത്. രാഷ്ട്രീയക്കാരുടെ മുന്നില്‍ തല കുനിക്കാത്ത ശിരസ്സാണ് തങ്ങളുടെ കൈമുതല്‍. സമകാലിക രാഷ്ട്രീയ ഭൂമികയില്‍ സമസ്ത എന്ന മതസംഘടനയുടെ അമരത്തിരിക്കുന്ന ജിഫ്രി തങ്ങള്‍ കേരളീയ പൊതുഇടം ശ്രദ്ധിക്കപ്പെട്ടത്് അദ്ദേഹം മുറുകെ പിടിക്കുന്ന സ്ഫടിക സമാനമായ നിലപാടും കാഴ്ചപ്പാടും കൊണ്ടാണ്. ആ ഉറച്ച നിലപാട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ, 90 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നഷ്ടപ്പെട്ട വ്യക്തിത്വവും അസ്തിത്വവും തിരിച്ചുപിടിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഇന്നലെ വരെ ആരും സ്വപ്‌നേപി നിനച്ചതായിരുന്നില്ല. കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ തന്നെ തിരുത്തിയെഴൂതാന്‍ കെല്‍പുള്ള ഒരു മത നേതാവായി ജിഫ്രി തങ്ങള്‍ പൊടുന്നനവെ ഉയര്‍ന്നുവരുന്നിരിക്കുന്നു.

26 ശതമാനം വരുന്ന മുസ്‌ലിംകളില്‍ 90 ശതമാനത്തിന് മുകളിലും സുന്നികളാണ്. മതവിദ്യാഭ്യാസ, ആത്മീയ പ്രബോധന മേഖലയാണ് സമസ്തയുടേതെങ്കിലും കേരളത്തിന്റെ സവിശേഷ ചൂറ്റുപാടില്‍ പലപ്പോഴും സമസ്ത രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാറുണ്ട്. അതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ സമസ്തയെ നയിക്കുന്നവരല്ല. അവരുടെ യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളോ അല്ല. പ്രത്യൂത, സമസ്ത രാഷ്ട്രീയമായി തങ്ങളുടെ ഉപഗ്രഹവേദിയാണെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍നിന്നും താല്‍പര്യങ്ങളില്‍നിന്നും വിഭിന്നമായൊരു ആശയം അവരില്‍നിന്ന് ഉയരാന്‍ പാടില്ല എന്നുമുള്ള ലീഗിന്റെ ദുശ്ശാഠ്യമാണ്. തികച്ചും രാഷ്ട്രീയമായി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട മുസ്‌ലിം ലീഗിന്റെ തലപ്പത്ത് എങ്ങനെ ആത്മീയ നേതാക്കള്‍ പ്രതിഷ്ഠിക്കപ്പെട്ടു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. ശിയാക്കള്‍ ജീവിക്കുന്ന ഇറാനില്‍ മാത്രം കാണുന്ന ഒരു പ്രതിഭാാസമാണ് രാഷ്ട്രീയത്തില്‍ ആത്മീയ നേതൃത്വത്തിന്റെ കടിഞ്ഞാണ്‍.

- Advertisement -
Ad image

പാകിസ്ഥാന്‍ നിലവില്‍ വന്നപ്പോള്‍ ”പുണ്യഭൂമി’യിലേക്ക് വണ്ടി കയറിവരില്‍ അതുവരെ മലബാര്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായിരുന്ന അബ്ദുസ്സത്താര്‍ സേട്ടുവും ഉണ്ടായിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ ഇനി ആരുണ്ട് എന്ന ചോദ്യത്തിന്, നന്നായി രാഷ്ട്രീയം അറിയുന്ന, സോഷ്യലിസ്റ്റ് കൂടിയായ കെ കെ അബു സാഹിബിന്റെ പേര് ചിലര്‍ നിര്‍ദേശിച്ചിരുന്നതായി യശ്ശശരീരനായ സി കെ പി ചെറിയ മമ്മുക്കേയി പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാല്‍, അത്തരം നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് മുജാഹിദ് നേതാവായ കെ എം മൗലവി അതുവരെ രാഷ്ട്രീയത്തില്‍ അധികമൊന്നും അറിയപ്പെടാത്ത, അതേസമയം, മലബാറിലെ മുസ്‌ലിംകള്‍ അങ്ങേയറ്റം ആദരിക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തെ ലീഗിന്റെ പിന്നില്‍ അണിനിരത്താന്‍ കെ എം മൗലവി ബുദ്ധിപൂര്‍വം പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്. അങ്ങനെയാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ആത്മീയനേതാക്കന്മാര്‍ എത്തിത്തുടങ്ങിയത്. ബാഫഖി തങ്ങള്‍ക്ക് ശേഷം പാണക്കാട് പൂക്കോയ തങ്ങള്‍ അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍. പിന്നീട് ആ താവഴിയിലൂടെ രാഷ്ട്രീയ കിരീടം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍, ലീഗും സമസ്തയും പാണക്കാട്ട് സന്ധിച്ചു. എന്നാല്‍, ബാഫഖി തങ്ങള്‍ തൊട്ട് തുടങ്ങിയ സമസ്തലീഗ് ബന്ധം പൂക്കോയ തങ്ങളുടെ കാല ശേഷം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ലീഗിന്റെ നേതൃനിരയിലുള്ള മുജാഹിദുകള്‍ (സലഫികള്‍) രാഷ്ട്രീയ മണ്ഡലങ്ങളിലാകെ തന്ത്രപൂര്‍വം ആധിപത്യം സ്ഥാപിക്കുകയാണെന്ന് സുന്നിവിഭാഗം അടക്കം പറഞ്ഞപ്പോള്‍ സമസ്തയെ ഏത് വിധേനയും കൊണ്ടുനടക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ലീഗ് നേതൃത്വം വീമ്പിളക്കി. ആര്‍ജവമുള്ള സമസ്ത പണ്ഡിതന്മാര്‍ അതോടെ പടയൊരുക്കം തുടങ്ങി. അങ്ങനെയാണ് 1980കളോടെ, സമസ്തയില്‍ ആഭ്യന്തര കാലുഷ്യം മുള പൊട്ടുന്നത്.

പണ്ഡിതന്മാര്‍ രാഷ്ട്രീയക്കാരുടെ ഏറാംമൂളികളല്ല എന്നും സമസ്തയുടെ സ്ഥാപനങ്ങളെ ലീഗിന്റെ മേധാവിത്വത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ഉള്ളാളം തങ്ങളും എ പി അബൂബക്കര്‍ മുസ്‌ലിയാരുമൊക്കെ ശക്തമായ വാദിച്ചുകൊണ്ട് 1989ല്‍ മുശാവറ യോഗത്തില്‍നിന്ന് ഇറങ്ങിവന്നു. അങ്ങനെ പുറത്തുവന്ന 11 പണ്ഡിതന്മാര്‍ സുന്നികളുടെ മറ്റൊരു കൂട്ടായ്മയുണ്ടാക്കി മറ്റൊരു സമസ്തയായി പ്രവര്‍ത്തക്കാന്‍ തുടങ്ങിയതോടെ, ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം (ഇ കെ സമസ്ത) പൂര്‍ണമായും ലീഗിന്റെ വിധേയത്വത്തിന്‍ ഒതുങ്ങി. പതിനായിരക്കണക്കിന് പള്ളികളും മദ്രസകളും അനാഥാലയങ്ങളും വഖഫുകളും തലമുറകളായി സുന്നികളുടെ അധീനതയിലായിരുന്നതിനാല്‍ ലീഗ് നേതാക്കള്‍ക്ക് പ്രാദേശിക തലത്തില്‍ അവയുടെമേല്‍ അറ്റമില്ലാത്ത സ്വാധീനം ചെലുത്താന്‍ സാധിച്ചു. പള്ളി ഭരണം ജനാധിപത്യപരമാകണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും എല്ലാം നാട്ടിലെ ദിവ്യന്മാരുടെയും ജാഹിലീങ്ങളുടെയും കൂത്തരങ്ങായി മാറിയപ്പോള്‍ ഒരിക്കലും തന്നെ വേര്‍പ്പെടുത്താന്‍ സാധിക്കാത്ത സയാമീസ് ഇരട്ടകളായി ലീഗും സമസ്തയും മാറി.

സമുദായ പാര്‍ട്ടിയുടെ സര്‍വ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും പണ്ഡിത നാമധാരികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടിവന്നു; അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു. ലീഗ് യോഗങ്ങളും സമ്മേളനങ്ങളും വിജയിപ്പിക്കേണ്ടതും ലീഗ് സ്ഥാനാര്‍ഥികളെ തോല്‍ക്കാതെ നോക്കേണ്ടതും പാര്‍ട്ടി വിരുദ്ധരുടെ കഥ കഴിക്കേണ്ടതും പള്ളിയും മദ്രസയുമായി ചുറ്റിപ്പറ്റിക്കഴിയുന്ന സുന്നി മൊയ്‌ലാരൂട്ടികളുടെ നിര്‍ബന്ധ ഡ്യൂട്ടിയായി എഴുതപ്പെട്ടു.. കാന്തപുരം വിഭാഗം എണ്ണമറ്റ മത സ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും തൊഴില്‍ശാലകളും പ്രസിദ്ധീകരണങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ ലീഗിന്റെ ബൂട്ടിനടിയില്‍ ഇ കെ സമസ്തക്കാര്‍ ചവിട്ടയരക്കപ്പെട്ടു. പല മേഖലയിലും പിന്നിലായി.

ഇവിടെയാണ് ജിഫ്രി മുത്തുക്കോയതങ്ങള്‍ ഇപ്പോള്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെറ പ്രസക്തി. മുസ്‌ലിംകളുമായി ബന്ധപ്പെടുന്ന ഏത് പ്രശ്‌നമുണ്ടായാലും അത് കൈകാര്യം ചെയ്യേണ്ടത് ഞങ്ങള്‍ മാത്രമാണെന്ന ഹൂങ്കോടെ മതസംഘടനകളെ വിളിച്ചകൂട്ടി ‘ജിഹാദി’ന് ഇറക്കുന്ന ഏര്‍പ്പാട് ലാഭമുള്ള കച്ചവടമാണ്. ഏത് സുന്നി സംഘടന രൂപീകരിച്ചാലും അതിന്റെ തലപ്പത്ത് പാണക്കാട്ടെ ഏതെങ്കിലും തങ്ങളൂട്ടിയെ പിടിച്ച് പ്രസിഡന്റാക്കുന്നതോടെ അവരും തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍, മലബാറിലെ സുന്നികളുടെ എല്ലാ പോഷകഘടകങ്ങളും വരിയുടക്കപ്പെട്ട് കോണിയും കൊണ്ട് തെരുവിലലഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയവും അധികാരമോഹഭംഗവും നേതൃത്വത്തിലുള്ള വിശ്വാസ ക്കുറവും ലീഗിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടിക്ക് ഈര്‍ജം കിട്ടുമെന്ന പ്രതീക്ഷയിലാണ് ശൂന്യതയില്‍നിന്ന് വഖഫ് നിയമന വിവാദം ലീഗ് നേതൃത്വം കുത്തിപ്പൊക്കിയെടുത്തത്.

തീര്‍ത്തും മതപരമായ വിഷയമാണെന്നതിനാല്‍ സമുദായ വികാരം ഉദ്ദീവിപ്പിച്ച് മുസ്‌ലിംകളെ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തിരിക്കുകയായിരുന്നു ലീഗ് ലക്ഷ്യം. തന്റെ ആജന്മശത്രു ഡോ. കെ ടി ജലില്‍ കൊണ്ടുവന്ന പരിഷ്‌കാരമായത് കൊണ്ട് എങ്ങനെയെങ്കിലും അത് തള്ളിക്കളഞ്ഞ് സായൂജ്യമടയണമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പൂതിയാണ് സലഫിയായ പി എം എ സലാമിനെ സുന്നികളുടെ തലക്കുമുകളില്‍ പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിച്ചത്. വഖഫ് സ്വത്തുക്കള്‍ കട്ടുമുടിച്ചവരുടെ തോളില്‍ കൈയിട്ട്, സുന്നി മുസ്‌ല്യാന്മാരെ ചീത്ത പറഞ്ഞ് നടക്കുന്ന സലാമിന് എന്ത് ഇസ്‌ലാം ചാത്തപ്പന് എന്ത മഅ്ശറ.

ഇതെല്ലാം മനസ്സിലാക്കിയാണ് ജിഫിരി തങ്ങള്‍ ധീരവും സമസ്തയുടെ ഇസ്സത്ത് ആയിരം വട്ടം ഉയര്‍ത്തുന്നതുമായ നിലപാട് ഈ വിഷയത്തില്‍ സ്വീകരിച്ചത്. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച ജുമുഅയോടനുബന്ധിച്ച് വഖഫ് നിയമനം പി എസ് സിക്ക് വിടുന്നതോടെ സമുദായം അകപ്പെടാന്‍ പോകുന്ന മുസീബത്തുകളെ കുറിച്ച് ബോധവത്കരണം നടത്താനെന്ന പേരില്‍ ഇടതുവിരുദ്ധപ്രക്ഷോഭം പള്ളികളില്‍നിന്ന് തുടങ്ങാനുള്ള ഗൂഢാലോചന ജിഫ്രി തങ്ങള്‍ രായ്ക്കുരാമാനം പൊളിച്ചു കൈയില്‍ കൊടുത്തു. പള്ളി കേന്ദ്രീകരിച്ച് സമരമോ പ്രതിഷേധമോ വേണ്ടായെന്നും ആരാധനാലങ്ങളുടെ പവിത്ര പിച്ചിച്ചിന്തുന്നത് സമസ്തയുടെ നിലപാടെല്ലെന്നും ശുദ്ധ മലയാളത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍, ലീഗുകാര്‍ ഞെട്ടി. അതോടെ കുഞ്ഞാലിക്കുട്ടിയുടെ അനുയായികളുടെ തനി സ്വഭാവം ഭൂമിമലയാളം കണ്ടു. സോഷ്യല്‍ മീഡിയയിലുടെ ജിഫരി തങ്ങള്‍ക്കെതിരെ നടത്തിയ തെറിയഭിഷേകം ആര്‍ എസ് എസുകാരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു.

ലീഗുകാരുടെ സമരത്തിലേക്ക് സമസ്തയില്ല എന്ന് പറഞ്ഞപ്പോള്‍, ഈ ‘ജൂതന്മാരെ’യൊക്കെ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നാണ് സലാം വളര്‍ത്തിയെടുത്ത ഒരുത്തന്‍ ആേക്രാശിച്ചത്. ‘തീനും ദീനും കൊണ്ടുനടക്കുന്ന ഇന്റെന്റെ തണലിലാണെന്ന് ആ തോന്ന്യവാസി അലറിവിളിച്ചു. സയ്യിദന്മാരുടെയും സാദാത്തീങ്ങളുടെയും പോരിഷകള്‍ വിളമ്പി, സുവര്‍ക്കത്തിലേക്കുള്ള കോണിയിലേക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും തെളിച്ചുനടത്തുന്ന വിവരദോഷികളുടെ നാവ് എത്ര പെട്ടെന്നാണ് കുപ്പത്തൊട്ടിയായത്!

പക്ഷേ, ജിഫ്രി തങ്ങളുടെ അളന്നുമുറിച്ച വാക്കുകള്‍ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി. ഡിസംബര്‍ 9ന് കോഴിക്കോട്ട് നടത്താന്‍ നേരത്തെ തീരുമാനിച്ച വഖഫ് സംരക്ഷണ റാലി മുസ്‌ലിം ലീഗ് റാലിയായി ചുരുങ്ങി. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും ഒരു റാലിക്കും സമസ്തയില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയതോടെ, ലീഗ് ഒറ്റപ്പെട്ടു. സമസ്തയില്ലാതെ, മുജാഹിദുകളെയും ജമാഅത്തുകാരെയും കൂട്ടി നടന്നാലുള്ള ഭവിഷ്യത്ത് അറിയാവുന്നത് കൊണ്ട് ആ സാഹസത്തിന് മുതിര്‍ന്നില്ല.


ഇതാദ്യമല്ല, ജിഫ്‌റി തങ്ങള്‍ മിന്നലാക്രമണം നടത്തുന്നത്. സമസ്ത ജനറല്‍ സെക്രട്ടറി കെ പി ആലിക്കുട്ടി മുസ്‌ല്യാര്‍ തെരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കിയില്‍ ക്ഷണം സ്വീകരിച്ച് കാണാന്‍ ഒരുങ്ങിപ്പുറപ്പെട്ടപ്പോള്‍, കുഞ്ഞാലിക്കുട്ടിയുടെ ആജ്ഞപ്രകാരം ഭീഷണിപ്പെടുത്തി മടക്കിയയച്ചത് ഓര്‍മയില്ലേ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് എന്തോ നല്ലത് പറഞ്ഞതിന്റെ പേരില്‍ എം സി മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഗുണ്ടകള്‍ വളഞ്ഞാക്രമിച്ചു. ആലിക്കുട്ടി മുസ്‌ല്യാരെ മടക്കിയയച്ചത് പാണക്കാട് തങ്ങള്‍ ഇടപെട്ടാണെന്ന് ‘ഡി കമ്പനി’ സി ഇ ഒ മായിന്‍ ഹാജി അഭിമാനപൂര്‍വം വിളിച്ചുകൂവി. എത്ര വലിയ പണ്ഡിതനായാലും ശരി, പാര്‍ട്ടിക്ക് വഴിപ്പെട്ട് ജീവിച്ചുകൊള്ളണമെന്ന മാടമ്പി മനസ്സിന്നേറ്റ പ്രഹരമാണ് ജിഫ്രി തങ്ങളുടെ ഉചിതസമയത്തുള്ള ഇപ്പോഴത്തെ ഇടപെടല്‍.

ഇനി സമസ്തയുടെ പണ്ഡിതന്മാര്‍ക്ക് ശിരസ്സുയര്‍ത്തി റോഡിലൂടെ നടക്കാം. ലീഗ് ഗുണ്ടകളെ ഭയപ്പെടേണ്ടതില്ല. ഇക്കാലമത്രയും പേടിച്ചുനടന്നത് ലീഗാപ്പീസിലാണ് തങ്ങളുടെ ചോറ് എന്ന തെറ്റിദ്ധാരണയിലാണ്. ആ ധാരണ തിരുത്തിക്കുറിക്കാന്‍ ജിഫ്രി തങ്ങള്‍ തന്നെ ധൈര്യപൂര്‍വം മുന്നോട്ടുവരേണ്ടിവന്നു. മമ്പുറം തങ്ങന്മാരുടെ പാരമ്പര്യമതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിറ്റ് വിയര്‍പ്പൊഴുക്കാതെ, ചേമ്പിന്‍ തണ്ട് പോലെ ലീഗിനെ വെട്ടിനുറുക്കി കിടത്തിയിരിക്കുന്നത് കണ്ടില്ലേ ഇതാണ് മുന്തിയ രാഷ്ട്രീയം. ആത്മീയതയുടെ വടി വീശി ജിഫ്രി തങ്ങള്‍ കാണിച്ച രാഷ്ട്രീയ ഇന്ദ്രജാലം കാണാന്‍ എന്തു രസമാണല്ലേ?

Share This Article
Leave a Comment
error: Content is protected !!