Connect with us

Featured

രുചിയും സംസ്‌ക്കാരവും വിളമ്പി മലബാര്‍ അടുക്കളയ്ക്കിത് പത്താം വര്‍ഷം

Published

on


ലയും കൈപുണ്യവുമാണ് പാചകം; അനുഗ്രഹവും. സോഷ്യല്‍ മീഡിയയില്‍ രുചിക്കൂട്ടുകള്‍കൊണ്ട് സജീവമായ പകരം വെക്കാനില്ലാത്ത പാചക ഗ്രൂപ്പാണ് മലബാര്‍ അടുക്കള.

2014 ജൂലൈ അഞ്ചിന് മുഹമ്മദലി ചാക്കോത്തിന്റെ നേതൃത്വത്തില്‍ ദുബായിലെ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ മലാബര്‍ അടുക്കള എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് രുചി ആരാധകരും രുചി ‘ഉത്പാദകരും’ കൂട്ടംകൂട്ടമായെത്തിയത് പെട്ടെന്നായിരുന്നു. വിവിധ രാജ്യങ്ങളുടെയും ദേശത്തിന്റേയും പാചക രുചിക്കൂട്ടുകളും നാടന്‍ ഭക്ഷണരീതികളും പരസ്പരം കൈമാറുകയും അറിയുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യം.

വീട്ടമ്മമാര്‍ക്കും ജോലിക്കു പോകുന്നവര്‍ക്കും ഉള്‍പ്പെടെ വളരെ എളുപ്പത്തില്‍ അവര്‍ക്കിഷ്ടപ്പെട്ടതും സ്വാദിഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും ചിത്രങ്ങളും ചേര്‍ന്ന് വിരല്‍ത്തുമ്പില്‍ ലഭ്യാമാവുന്നിടത്ത് നാവില്‍ വെള്ളമൂറി എത്താതിരിക്കുന്നതെങ്ങനെ. 2023 ജൂലായ് അഞ്ചിന് ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മലബാര്‍ അടുക്കളയ്ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലായി സജീവമായ അഞ്ച് ലക്ഷത്തിനു മീതെ അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയിലേക്കാണ് മലബാര്‍ അടുക്കള വളര്‍ന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ പാചകം കൂടതെ മറ്റു മേഖലകളിലും മലബാര്‍ അടുക്കള സജീവമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ- സാംസ്‌ക്കാരിക സെമിനാറുകള്‍, സൗഹൃദ മീറ്റുകള്‍, ഭക്ഷ്യമേളകള്‍, പാചക മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി നിരവധി മേഖലകളിലെ രുചിയുത്സവങ്ങളില്‍ മലബാര്‍ അടുക്കളയുടെ ഉപ്പുചേര്‍ത്തുവെച്ചു.

ദുബായില്‍ നിന്ന് തുടങ്ങിയ രുചിപ്പെരുമ ഗള്‍ഫ് രാജ്യങ്ങളുടെ അതിരുകള്‍ കടന്ന് യൂറോപ്പും ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കുമെത്തി. ഇവിടെ മലബാര്‍ വിഭവങ്ങള്‍ നമുക്ക് പരിചയപ്പെടാം, പരീക്ഷിക്കാം, ഒപ്പം സൗഹൃദത്തിന്റെ രുചിയും ആസ്വദിക്കാം. രുചി ഭക്ഷണത്തില്‍ മാത്രമല്ല ഇന്ത്യയിലേയും ജി സി സിയിലേയും യൂറോപ്പിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയും ജാതി- മത- ഭാഷാ ഭേദമന്യേയുള്ള സൗഹൃദങ്ങളിലും പ്രകടമാണ്.

മലബാറിന്റെ സ്വന്തം രുചിയും അഭിരുചിയും ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള കുടുംബ മാസികയായ ‘അടുക്കള’ എന്ന മലബാര്‍ അടുക്കള മാഗസിനും ഈ കൂട്ടായ്മയുടെ അഭിമാനമാണ്. അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനായ ‘റെസിപീഡിയ’ മലബാര്‍ വിഭവങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്ത രുചികളോടൊപ്പം അന്താരാഷ്ട്ര രുചിക്കൂട്ടുകളുടേയും കലവറയാണ് തുറന്നുവെക്കുന്നത്. മലബാറിന്റെ രുചിപ്പെരുമയില്‍ തുടങ്ങി ലോകത്തോളം വളര്‍ന്ന കൂട്ടായ്മയുടെ അടുക്കളയില്‍ നിന്ന് പുറത്തേക്കു പരക്കുന്നത് മസാലച്ചേരുവകളില്ലാത്ത സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സുഗന്ധം.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് മലബാര്‍ അടുക്കള കേരളത്തിലുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു.

കോവിഡ് സമയത്തും വിവിധ ചാപ്റ്ററുളില്‍ നിന്നായി സഹായങ്ങളുമായി മലബാര്‍ അടുക്കള പ്രവര്‍ത്തകന്‍ കൈത്താങ്ങായിട്ടുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളിലുള്ള പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഇഫ്താര്‍ കിറ്റുകളും നോമ്പുതുറകളും സംഘടിപ്പിക്കാറുണ്ട്.

മീഡിയ വണ്‍ ചാനലുമായും പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായും ചേര്‍ന്ന് നിരവധി പാചക മത്സരങ്ങള്‍, കുക്കറി ഷോകള്‍ തുടങ്ങിയവ നടത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകള്‍, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ തുടങ്ങിയവയെല്ലാം മലബാര്‍ അടുക്കളയുടെ വിവിധ ചാപ്റ്ററുകള്‍ നടത്തിയ പരിപാടികളാണ്.

സൂപ്പര്‍ ഷെഫ് 2019-2020 ആഗോള പാചകമത്സരത്തില്‍ ഇന്ത്യയടക്കം ലോകത്തെ 10 രാജ്യങ്ങളിലായി 30ല്‍പരം വേദികളാണ് ഒരുക്കിയിരുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നര്‍ക്കും കുക്കറി ഷോകള്‍, വിവിധ രാജ്യക്കാര്‍ക്കായി വിവിധ ഭാഷകളില്‍ കേക്ക് ക്ലാസുകള്‍, ഫുഡ് ഫെസ്റ്റിവല്‍, വിനോദ യാത്രകള്‍, ‘അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്’ കലാ- സാംസ്‌കാരിക പരിപാടികള്‍, വാനമ്പാടി ചിത്രയും ഇശലുകളുടെ സുല്‍ത്താന്‍ കണ്ണൂര്‍ ഷെരീഫും നയിച്ച വേറിട്ടതും ഹൃദ്യവുമായ ചിത്രഗീതം തുടങ്ങി നിരവധി പരിപാടികള്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, നിരവധി കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ ആഹാരത്തിന് ‘സമൃദ്ധി’ എന്ന പദ്ധതിയിലൂടെ ഭക്ഷണമെന്ന കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ എല്ലാ മേഖലകളിലും മലബാര്‍ അടുക്കളയുടെ സുഗന്ധം പരത്തുന്ന മനസ്സും ചേര്‍ന്നു നിന്നിട്ടുണ്ട്.

നാട്ടിലും വിദേശത്തുമായി നിരവധി അഡ്മിന്‍മാരും കോര്‍ഡിനേറ്റര്‍മാരും മലബാര്‍ അടുക്കളയുടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ദിനത്തില്‍ മലബാര്‍ അടുക്കള നിത്യജീവിതത്തിനു പോലും കഷ്ടപ്പാട് അനുഭവിക്കുന്നര്‍ക്കും ലേബര്‍ ക്യാമ്പുകളിലെ അംഗങ്ങള്‍ക്കും ഭക്ഷണം നല്‍കി.

പത്താം വര്‍ഷത്തിലേക്കുള്ള യാത്രയില്‍ വഴിയിലൊരിടത്ത് അടുപ്പുകൂട്ടി അതിനുമുകളില്‍ വെച്ച വലിയ ചെമ്പില്‍ വേവുന്നത് പുതിയ പദ്ധതികളും നാടിനും നാട്ടുകാര്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള പ്രവര്‍ത്തികളുടെ സ്വപ്‌നങ്ങളുമാണ്. പേര് മലബാര്‍ അടുക്കള എന്നാണെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തും ഈ അടുക്കള ഒരുക്കിവെക്കാനാവും. മലബാറില്‍ നിന്ന് മനസ്സിന്റെ വിശാലതയിലൂടെ ലോകത്തോളം വളര്‍ന്നു പടരുകയാണ് ദമ്മ് പൊട്ടിച്ച മലബാര്‍ അടുക്കളയുടെ സുഗന്ധം.

തയ്യാറാക്കിയത്: നസീഹ മജീദ്
(മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍)

error: Content is protected !!