പൗരത്വ പ്രക്ഷോഭം പുന:രാരംഭിക്കാന്‍ സമയമായി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Web Desk
2 Min Read

കോഴിക്കോട്: വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭം പുന:രാരംഭിക്കാന്‍ സമയമായതായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആധാര്‍ കാര്‍ഡും ഇലക്ടറല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തി 2024ലും തുടര്‍ ഭരണം സാധ്യമാക്കാനുള്ള ഗൂഢ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.

city exchange

കള്ളപ്പണം പിടിച്ചെടുക്കാനെന്ന വ്യാജേന നോട്ട് നിരോധനം കൊണ്ടുവന്ന് രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അവസരമൊരുക്കിയ ബി ജെ പി സര്‍ക്കാറിപ്പോള്‍ കള്ളവോട്ട് തടയാനെന്ന വ്യാജേന ന്യൂനപക്ഷങ്ങളുടെയും ദലിത്- ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെയും ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കാന്‍ വഴിയൊരുക്കുകയാണ് ആധാറും ഇലക്ടറല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജന വിഭാഗങ്ങളെയും സാമൂഹ്യമായി അപരവത്കരിക്കാനുള്ള ഈ ഗൂഢ പദ്ധതിക്കെതിരെ മൗനം വെടിയാന്‍ ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം. സംഘ്പരിവാറിന് രാജ്യത്തെ തീറെഴുതി വെക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ കോണ്‍ഗ്രസ്സും സി പി എമ്മും അടക്കമുള്ള കക്ഷികള്‍ കൈകോര്‍ത്ത് രംഗത്ത് വരണം.

- Advertisement -
Ad image

രാജ്യത്തെ സ്ത്രീ സമൂഹത്തെ പരീക്ഷണ വസ്തുക്കളായി കാണുന്ന കേന്ദ്രസര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി നിര്‍ണയിക്കുന്ന നിയമ ഭേദഗതി തീര്‍ത്തും സ്ത്രീ വിരുദ്ധമാണ്. ജൈവ ശാസ്ത്രപരമായ സാഹചര്യവും പക്വതയും എത്തിയ പെണ്‍കുട്ടികള്‍ക്ക് കുടുംബ ജീവിതമെന്ന സ്വപ്നത്തിന് തടയിടുന്ന നിയമ ഭേതഗതി തികച്ചും മനുഷ്യത്വ രഹിതമാണ്. സ്വയം നിര്‍ണയത്തിന് പാകമെത്തിയ പെണ്‍കുട്ടികളെ നിയമപരമായി നിയന്ത്രിക്കുന്നത് കടുത്ത അനീതിയാണ്.
വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട നടപടി മുസ്‌ലിം സമുദായത്തിലുണ്ടാക്കിയ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര നടപടി വേണം. നിയമം പിന്‍വലിച്ച് മാത്രമെ ആശങ്ക പരിഹരിക്കാനൊക്കുകയുള്ളു എന്നതിനാല്‍ അതിന് നടപടി വേണം.

കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതും സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്തതുമായ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ എന്‍ എം. മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുള്ളത് അവഗണിക്കാവതല്ല. പതിനായിരങ്ങളെ കുടിയിറക്കുന്നതും സംസ്ഥാനത്തെ പൗരന്‍മാരെ കടക്കെണിയില്‍ കെട്ടിയിടുന്നതുമായ പദ്ധതി കൊണ്ട് ഉദ്ദിഷ്ഠ ലക്ഷ്യം സാധ്യമാവില്ലെന്ന് വ്യക്തമാക്കപ്പെട്ടിരിക്കെ സര്‍ക്കാര്‍ പിടിവാശി വെടിഞ്ഞ് പദ്ധതി നടപ്പാക്കുന്നത് നിറുത്തിവെക്കുക തന്നെ വേണം.

മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബറില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. കേരളത്തില്‍ ഇസ്വ്‌ലാഹി നവോഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ നൂറുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കൂടി സംഘടിപ്പിക്കുന്ന ഈ സമ്മേളനം ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തിലെ നിര്‍ണായക വഴിയായിത്തീരുമാറാണ് സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അടുത്ത 20 വര്‍ഷം മുന്നില്‍കണ്ട് വലിയൊരു വിദ്യാഭ്യാസ പ്രൊജക്ട് അടുത്ത ആറ് മാസത്തിനകം തുടക്കം കുറിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഇ കെ അഹ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, എം അഹ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, പി അബ്ദുസ്സലാം മദനി പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!